സ്കോട്ലൻഡിനെതിരായ വമ്പൻ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്.

മത്സരത്തിൽ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ജഡേജ മാൻ ഓഫ് ദി മാച്ചും കരസ്ഥമാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യിലെ രവീന്ദ്ര ജഡേജയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. മത്സരത്തിൽ ജഡേജയ്ക്കൊപ്പം മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിൽ സ്കോട്ലൻഡിനെ 17.4 ഓവറിൽ 85 റൺസിൽ ഇന്ത്യ ചുരുക്കികെട്ടി. 86 റൺസിന്റെ അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുലിന്റെയും 16 പന്തിൽ 30 റൺസ് നേടിയ രോഹിത് ശർമ്മയുടെയും മികവിൽ 6.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം നേടി.

മത്സരശേഷം പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകന്റെ രസകരമായ ചോദ്യം രവീന്ദ്ര ജഡേജയെ തേടിയെത്തി. ചോദ്യം ഇപ്രകാരമായിരുന്നു, ” എല്ലാവരും പറയുന്നത് അഫ്‌ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചാൽ നമുക്ക് സെമിഫൈനൽ സാധ്യതയുണ്ടെന്നാണ്, എന്നാൽ അടുത്ത മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ തോല്പിച്ചില്ലെങ്കിലോ ”
” അതിനുശേഷം എന്താ ബാഗും പാക്ക് ചെയ്തുകൊണ്ട് വീട്ടിലേക്ക് മടങ്ങും ” ജഡേജ മറുപടി നൽകി.
വീഡിയോ ;
സ്കോട്ലൻഡിനെതിരായ മത്സരത്തിലെ വിജയത്തോടെ അഫ്‌ഗാനിസ്ഥാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺ റേറ്റ് ഇന്ത്യ മറികടന്നുവെങ്കിലും നവംബർ ഏഴിന് നടക്കുന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ, കൂടാതെ നമീബിയക്കെതിരെ വമ്പൻ വിജയം നേടി ഈ നെറ്റ് റൺറേറ്റ് അതേപടി നിലനിർത്തുകയും വേണം.

അതിനിടെ നമീബിയയെ 52 റൺസിന് തകർത്തുകൊണ്ട് ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം ന്യൂസിലാൻഡ് സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യ നെറ്റ് റൺറേറ്റ് വളരെയധികം മെച്ചപ്പെടുത്തിയതിനാൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലാൻഡിന് വിജയം അനിവാര്യമാണ്. മറുഭാഗത്ത് ന്യൂസിലാൻഡിനെതിരെ വമ്പൻ വിജയം നേടി നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്നാൽ അഫ്‌ഗാനിസ്ഥാനും സെമിഫൈനലിൽ പ്രവേശിക്കാം.
