Skip to content

ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹം ആരെയും ഒഴിവാക്കില്ല, രാഹുൽ ദ്രാവിഡ് കോച്ചായെത്തുന്നതിനോട് പ്രതികരിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് എത്തുന്നത് ടീമിലെ യുവതാരങ്ങൾക്ക് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ടീമിൽ സ്ഥിരതകൊണ്ടുവരുന്നതിനൊപ്പം കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും രാഹുൽ ദ്രാവിഡിന് സാധിക്കുമെന്ന് സെവാഗ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി സ്ഥാനമേൽക്കുന്നത്.

രവി ശാസ്ത്രിയുടെ കീഴിൽ ചരിത്രവിജയങ്ങൾക്കൊപ്പം ഒരുപാട് പരമ്പരകൾ നേടുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഐസിസി ടൂർണമെന്റ് നേടികൊടുക്കുവാൻ രവി ശാസ്ത്രിയ്ക്ക് സാധിച്ചിട്ടില്ല. ഈ ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനാൽ പുതിയ ടി20 ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വവും രാഹുൽ ദ്രാവിഡിനുണ്ടാകും. രോഹിത് ശർമ്മയ്ക്കൊപ്പം കെ എൽ രാഹുലാണ് അടുത്ത ടി20 ക്യാപ്റ്റനാകാൻ സാധ്യത കൽപ്പിക്കപെടുന്ന താരങ്ങൾ.

” അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിൽ സ്ഥിരത ഉറപ്പുവരുത്തും. കൂടാതെ തങ്ങളെ ഒഴിവാക്കുന്നതിന് മുൻപ് വേണ്ടത്ര അവസരങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസം കളിക്കാരിൽ ഉണ്ടാകുകയും ചെയ്യും. കാരണം അദ്ദേഹം ഈ തലത്തിൽ കളിച്ചുവളർന്നയാളാണ്. ടീമിൽ നിന്നും ഒഴിവാക്കുന്നതിന് മുൻപ് വേണ്ടത്ര അവസരങ്ങൾ കളിക്കാർക്ക് ലഭിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ”

” കളിക്കാർ ആത്മവിശ്വാസം ഇല്ലാത്തതിനെ കുറിച്ചും ടീം മാനേജ്‌മെന്റ് താരങ്ങളെ പിന്തുണക്കാത്തതിനെ കുറിച്ചും, ഒരൊറ്റ മത്സരങ്ങളിലെ മോശം പ്രകടനം മൂലം കളിക്കാരെ ഒഴിവാക്കുന്നതിനെ കുറിച്ചും നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അക്കാര്യത്തിൽ രാഹുൽ ദ്രാവിഡ് സമർത്ഥനാണ്. ഒരു കളിക്കാരെ പുറത്തിരുത്തും മുൻപ് മുഴുവൻ അവസരവും അദ്ദേഹം അവർക്ക് നൽകിയിരിക്കും. ” സെവാഗ് പറഞ്ഞു.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഒരുപാട് യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ഇന്ത്യ എ ടീമുകളുടെയും ഹെഡ് കോച്ചായിരുന്ന രാഹുൽ ദ്രാവിഡ് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു.

” ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി നിയമിതനാകുന്നത് തീർച്ചയായും വലിയ ബഹുമതിയാണ്. ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. രവി ശാസ്‌ത്രിയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ടീമിനൊപ്പം ചേർന്ന് അവരെ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

” ടീമിലെ ഒട്ടുമിക്ക കളിക്കാരുമായും എൻ സി എയിലോ, അണ്ടർ 19, ഇന്ത്യ എ ടീമിലോ ഞാൻ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ദിവസവും മെച്ചപ്പെടുവാനുള്ള അഭിനിവേശവും ആഗ്രഹവും അവർക്കുണ്ട്. അടുത്ത രണ്ട് വർഷങ്ങളിൽ രണ്ട് വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്നു. കളിക്കാരുമായും സപ്പോർട്ട് സ്റ്റാഫുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു. ” ഇന്ത്യൻ കോച്ചായി നിയമിതനായ ശേഷം രാഹുൽ ദ്രാവിഡ് പറഞ്ഞു.