Skip to content

അവനായിരിക്കണം അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിൽ പുതിയ ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവേണ്ടത് രോഹിത് ശർമ്മയാണെന്നും അടുത്ത രണ്ട് ലോകകപ്പിലും രോഹിത് ശർമ്മ ഇന്ത്യയെ നയിക്കമെന്നും നിർദ്ദേശിച്ച ദിനേശ് കാർത്തിക് റിഷഭ് പന്തിനെയോ കെ എൽ രാഹുലിനെയോ ക്യാപ്റ്റനാക്കരുതെന്നും അതിന് പിന്നിലെ കാരണവും വിശദീകരിച്ചു.

ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കുവാൻ സാധിച്ചില്ലയെങ്കിൽ നവംബർ ഏഴിന് നമീബിയക്കെതിരെ നടക്കുന്ന മത്സരം ഇന്ത്യൻ ടി20 ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന മത്സരമായിരിക്കും. രാഹുൽ ദ്രാവിഡ് പുതിയ ഹെഡ് കോച്ചായി എത്തിയതിനാൽ അദ്ദേഹത്തിന്റെ കൂടെ നിർദ്ദേശം പരിഗണിച്ചാകും പുതിയ ക്യാപ്റ്റനെ ബിസിസിഐ നിയമിക്കുക. ടി20 ക്യാപ്റ്റൻസിയ്ക്കൊപ്പം ഏകദിന ക്യാപ്റ്റൻസിയും വിരാട് കോഹ്ലിയ്ക്ക് നഷ്ട്ടമായേക്കുമെന്ന റിപ്പോർട്ടുകളും ശക്തമാണ്.

” ഒന്നോ രണ്ടോ വർഷം മാത്രം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയാൽ പോരാ, രണ്ട് ലോകകപ്പുകളിലെങ്കിലും അവൻ ഇന്ത്യൻ ടീമിനെ നയിക്കണം. ക്യാപ്റ്റനെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും ക്രെഡിറ്റും അവന് നൽകണം, ഒപ്പം ക്യാപ്റ്റനെന്ന നിലയിൽ തന്റെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരവും അവന് ഉറപ്പുവരുത്തണം. ”

” ഏകദിനത്തിലും ടി20യിലും ഇന്ത്യയെ നയിക്കാൻ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തിട്ടുള്ളത്. അവന് അവന്റെ കഴിവുകളെ കുറിച്ചും സ്വഭാവരീതിയെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. റിഷഭ് പന്തിനെയോ കെ എൽ രാഹുലിനെ പോലെയോയുള്ള യുവതാരങ്ങളെ ക്യാപ്റ്റനാക്കുന്നതിനും മുൻപ് ക്യാപ്റ്റനാകാനുള്ള അവസരം അവന് നൽകേണ്ടതുണ്ട്. ” ദിനേശ് കാർത്തിക് പറഞ്ഞു.

കെ എൽ രാഹുലിനെയാണോ പന്തിനെയാണോ വൈസ് ക്യാപ്റ്റനായി വേണ്ടതെന്നതിൽ രോഹിത് ശർമ്മയോടും അഭിപ്രായം തേടണമെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

” രോഹിത് ശർമ്മയ്ക്ക് എല്ലാ ഫോർമാറ്റിലും എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ വൈസ് ക്യാപ്റ്റനായി ആരെ നിയമിക്കണമെന്നതിൽ രോഹിത് ശർമ്മയോടും അഭിപ്രായം ചോദിക്കേണ്ടതുണ്ട്. “ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.