ഇനി കളി മാറും, രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ ഹെഡ്‌ കോച്ച്, ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ച്. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം ഇപ്പോൾ പ്രഖ്യാപിച്ചരിക്കുകയാണ്. യു എ ഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷമാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി ചുമതലയേറ്റെടുക്കുക. നവംബർ 17 ന് ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായുള്ള രാഹുൽ ദ്രാവിഡിന്റെ ആദ്യ പരമ്പര.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും എ ടീമിന്റെയും പരിശീലകൻ കൂടിയായിരുന്നു. രവി ശാസ്ത്രിയുടെ അഭാവത്തിൽ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു രാഹുൽ ദ്രാവിഡ്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും 2023 ൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലും രാഹുൽ ദ്രാവിഡായിരിക്കും ഇന്ത്യയുടെ ഹെഡ് കോച്ച്.

” ഇന്ത്യൻ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ ബിസിസിഐ സ്വഗതം ചെയ്യുന്നു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്ലേയർമാരിൽ ഒരാളായ രാഹുൽ ദ്രാവിഡിന് വളരെ മികച്ച കരിയറാളുള്ളത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി സേവനം അനുഷ്ടിച്ചുണ്ട്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പ്രയത്നത്തലൂടെ ഒരുപാട് യുവപ്രതിഭകളെ അദ്ദേഹം വളർത്തിയെടുത്തു. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് അദ്ദേഹം കൊണ്ടുപോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി പറഞ്ഞു.

” ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി നിയമിതനാകുന്നത് തീർച്ചയായും വലിയ ബഹുമതിയാണ്. ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. രവി ശാസ്‌ത്രിയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ടീമിനൊപ്പം ചേർന്ന് അവരെ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിലെ ഒട്ടുമിക്ക കളിക്കാരുമായും എൻ സി എയിലോ, അണ്ടർ 19, ഇന്ത്യ എ ടീമിലോ ഞാൻ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ദിവസവും മെച്ചപ്പെടുവാനുള്ള അഭിനിവേശവും ആഗ്രഹവും അവർക്കുണ്ട്. അടുത്ത രണ്ട് വർഷങ്ങളിൽ രണ്ട് വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്നു. കളിക്കാരുമായും സപ്പോർട്ട് സ്റ്റാഫുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

രവി ശാസ്ത്രിയുടെ കീഴിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം മേധാവിത്വം പുലർത്തിയെങ്കിലും ഐസിസി കിരീടം നേടികൊടുക്കാൻ രവി ശാസ്ത്രിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെ ഐസിസി ടൂർണമെന്റ് നേടിക്കൊടുക്കുകയെന്നത് തന്നെയാകും രാഹുൽ ദ്രാവിഡിനെ സംബന്ധിച്ച് ആദ്യ വെല്ലുവിളി.