Skip to content

ഏറ്റവും സന്തോഷിപ്പിച്ചത് അവന്റെ തിരിച്ചുവരവ്, അശ്വിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമുള്ള രവിചന്ദ്രൻ അശ്വിന്റെ ലിമിറ്റഡ് ഓവർ മത്സരമാണിത്. വരുൺ ചക്രവർത്തിയ്ക്ക് പകരക്കാരനായാണ് രവിചന്ദ്രൻ അശ്വിൻ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന് അവസരം നൽകിയിരുന്നില്ല.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു. 66 റൺസിന്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 48 പന്തിൽ 69 റൺസ് നേടിയ കെ എൽ രാഹുൽ, 47 പന്തിൽ 74 റൺസ് നേടിയ രോഹിത് ശർമ്മ, 13 പന്തിൽ 27 റൺസ് നേടിയ റിഷഭ് പന്ത്‌, 13 പന്തിൽ 35 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിൽ ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്‌ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 2 വിക്കറ്റ് നേടിയ അശ്വിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തി.

( Picture Source : Twitter / ICC T20 WORLD CUP )

” രവിചന്ദ്രൻ അശ്വിന്റെ തിരിച്ചുവരവ് നല്ലൊരു സൂചനയാണ്. ഈ നിയന്ത്രണവും താളവും അവൻ ഐ പി എല്ലിലും പുറത്തെടുത്തിരുന്നു. അവനൊരു വിക്കറ്റ് ടേക്കറും ബുദ്ധിമാനുമായ ബൗളറുമാണ്. ” മത്സരശേഷം കോഹ്ലി പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

” ഇന്നത്തേത് നല്ലൊരു വിക്കറ്റായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്നത്തേത് പോലെ രണ്ടോവറുകളിൽ ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ അത് എതിർടീമിന് മുന്നറിയിപ്പ് നൽകിയേനെ. ഇത്തരത്തിലൊരു ചെയ്താൽ എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്കറിയാം. ചിലസമയങ്ങളിൽ നിങ്ങൾ സമ്മർദ്ദത്തിന് മുൻപിൽ കീഴ്പ്പെടും അത് അംഗീകരിക്കുക തന്നെ വേണം. ”

( Picture Source : Twitter / ICC T20 WORLD CUP )

” ബാറ്റിങിലും ബൗളിങിലും തീരുമാനങ്ങൾ എടുക്കുന്നതിലും സമ്മർദ്ദം നിറഞ്ഞ ഗെയിമാണ് ടി20 ക്രിക്കറ്റ്. ടോപ്പ് ത്രീ നേരത്തെ തീരുമാനിച്ചതാണ്, ഇന്നത്തേത് പോലെയുള്ള അവസരങ്ങളിലാണ് അതിൽ മാറ്റം വരുത്തേണ്ടത്. ഇതേ പ്രകടനം തുടരുവാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, എന്നാൽ നേരത്തെ പറഞ്ഞതുപോലെ സമ്മർദത്തിന് മുൻപിൽ കീഴ്പെട്ടുവെന്ന് വരാം. മറ്റു ടീമുകൾ ഞങ്ങൾക്കെതിരെ നന്നായി പന്തെറിഞ്ഞു. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിലെ വിജയത്തോടെ ആദ്യ പോയിന്റ് സ്വന്തമാക്കിയ ഇന്ത്യ നെറ്റ് റൺ റേറ്റും മെച്ചപ്പെടുത്തി. നവംബർ അഞ്ചിന് സ്കോട്ലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

( Picture Source : Twitter / ICC T20 WORLD CUP )