വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഐസിസി ടി20 ലോകകപ്പിനെത്തിയത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ കാഴ്‌ച്ചവെച്ചത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 8 വിക്കറ്റിന് പരാജയപെട്ടു. നിർണായക മത്സരത്തിലെ തോൽവി ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായെങ്കിലും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല.

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 110 റൺസിൽ ചുരുക്കികെട്ടിയ ന്യൂസിലാൻഡിനെ 14.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 111 റൺസിന്റെ വിജയലക്ഷ്യത്തിൽ എത്തിചേരുകയും ചെയ്തു.
1. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കണം

സെമിഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇന്ത്യ ആദ്യമായി ചെയ്യേണ്ടത് ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കുകയെന്നതാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയ്ക്കിനി ശേഷിക്കുന്നത്. നവംബർ അഫ്‌ഗാനിസ്ഥാനെതിരെയും നവംബർ അഞ്ചിന് സ്കോട്ലൻഡിനെതിരെയും നവംബർ എട്ടിന് നമീബിയക്കെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ. മൂന്ന് മത്സരങ്ങളിൽ വിജയിച്ചാൽ നിർണായകമായ 6 പോയിന്റ് ഇന്ത്യയ്ക്ക് നേടാനാകും. കൂടാതെ വൻ മാർജിനിൽ വിജയിച്ച് മികച്ച റൺറേറ്റും സ്വന്തമാക്കണം.
2. അഫ്‌ഗാനിസ്ഥാനും ന്യൂസിലാൻഡും ഇനിയുള്ള ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപെടണം.

ടൂർണമെന്റിൽ ഇതുവരെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ ആ ഭാഗ്യം മറ്റൊരു അവസരത്തിൽ തുണച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാം. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച ന്യൂസിലാൻഡിന് നിലവിൽ രണ്ട് പോയിന്റാണുള്ളത്. ഇനി ഇന്ത്യയെ പോലെ തന്നെ അഫ്‌ഗാനിസ്ഥാൻ, നമീബിയ, സ്കോട്ലൻഡ് എന്നീ ടീമുകളുമായാണ് ന്യൂസിലാൻഡിന് മത്സരങ്ങളുള്ളത്. ഈ മൂന്നിൽ ഒന്നിലെങ്കിലും ന്യൂസിലാൻഡ് പരാജയപെട്ടാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.

ന്യൂസിലാൻഡ് ടീമിന്റെ പ്രകടനം വെച്ചുനോക്കിയാൽ നമീബിയയോ, സ്കോട്ലൻഡോ കിവികളെ പരാജയപെടുത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നവംബർ ഏഴിന് നടക്കുന്ന ന്യൂസിലാൻഡും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള പോരാട്ടമാകും മൂന്ന് ടീമുകളുടെയും വിധിനിർണയിക്കാൻ പോകുന്നത്. മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചാൽ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും പുറത്താവുകയും ന്യൂസിലാൻഡ് സെമിയിൽ പ്രവേശിക്കുകയും ചെയ്യും. അടുത്ത മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ ഇന്ത്യ പരാജയപെടുത്തുകയും ന്യൂസിലാൻഡിനെ അഫ്‌ഗാനിസ്ഥാൻ പരാജയപെടുത്തുകയും ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് അഫ്ഗാനേക്കാൾ മുകളിലാവുകയും ചെയ്താൽ ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കാം.
