Skip to content

രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ സ്പിന്നറും ടീമിലെ നിർണായക താരവുമായ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യ 8 വിക്കറ്റിന് ദയനീയമായി പരാജയപെട്ട മത്സരത്തിൽ വരുൺ ചക്രവർത്തിയെയാണ് ഇന്ത്യ ജഡേജയ്ക്കൊപ്പം സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തിയത്.

( Picture Source : Twitter / ICC T20 WORLD CUP )

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം 14.3 ഓവറിലാണ് ന്യൂസിലാൻഡ് മറികടന്നത്. 35 പന്തിൽ 49 റൺസ് നേടിയ ഡാരിൽ മിച്ചൽ, 31 പന്തിൽ 33 റൺസ് നേടിയ കെയ്ൻ വില്യംസൺ, 20 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ന്യൂസിലാൻഡിന് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 17 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ഇഷ് സോധി, മൂന്ന് വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ട് എന്നിവരുടെ മികവിലാണ് ഇന്ത്യ ചുരുക്കികെട്ടിയത്.

( Picture Source : Twitter / ICC T20 WORLD CUP )

” തിരിഞ്ഞുനോക്കിയാൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാനാകും. കൂടുതൽ റൺസും കൂടുതൽ വിക്കറ്റും നേടുവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അശ്വിൻ വളരെ എക്സ്പീരിയൻസുള്ള ബൗളർ തന്നെയാണ്. അശ്വിൻ നമ്മുടെ ബൗളിങ് നിരയുടെ ശക്തിവർധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ അതത്ര എളുപ്പമല്ല ”

( Picture Source : Twitter / ICC T20 WORLD CUP )

” ഞാൻ മുൻപ് പറഞ്ഞതുപോലെ രണ്ടാം ഇന്നിങ്സിൽ ഡ്യൂ ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ ബൗളർമാർക്ക് വേണ്ടത്ര ഗ്രിപ്പ് ലഭിക്കില്ല. ബൗളർമാർക്ക് സാധ്യതകൾ വളരെ കുറവും വിരളവുമാണ്. മത്സരശേഷം അവനുണ്ടായിരുന്നുവെങ്കിൽ മാറ്റമുണ്ടായേനെയെന്ന് പറയുന്നത് എളുപ്പമാണ്, എന്നാൽ അത് വിലയിരുത്താൻ ഏറെ പ്രയാസമാണ്. ” ബുംറ പറഞ്ഞു.

( Picture Source : Twitter / ICC T20 WORLD CUP )

” ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ നിങ്ങൾക്ക് ചീത്ത ദിവസങ്ങളും നല്ല ദിവസങ്ങളും ഉണ്ടായേക്കാം. നല്ല ദിവസമുണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കാതിരിക്കാനും ചീത്ത ദിവസങ്ങളിൽ കൂടുതലായി നിരാശപെടാതിരിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഇതെല്ലാം ഒരു ക്രിക്കറ്റ് പ്ലേയറുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ നിമിഷത്തിൽ തുടരാൻ ശ്രമിക്കണം, എവിടെയാണ് പിഴവ് പറ്റിയതെന്നും എവിടെയാണ് വിജയിച്ചതെന്നും വിശകലനം ചെയ്യുക, അതാണ് മുന്നോട്ട് പോകുവാനുള്ള ഏകമാർഗം. ” ബുംറ കൂട്ടിച്ചേർത്തു.

നിർണായക മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ കണക്കുകളിലെങ്കിലും സാധ്യതകൾ നിലനിർത്തുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ.

( Picture Source : Twitter / ICC T20 WORLD CUP )