‘എന്നെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ പരാജയപെടും, എല്ലായ്പ്പോഴും ജയിക്കാനാവില്ല. അത് ഒരു യാഥാർത്ഥ്യമാണ് ‘ : പാകിസ്ഥാനെതിരായ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വൈറലായി ധോണിയുടെ പഴയകാല വീഡിയോ

പാകിസ്ഥാനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടതോടെ ലോകക്കപ്പ് വേദിയിൽ ഇന്ത്യ തുടർന്നു കൊണ്ടിരുന്ന അപൂർവ റെക്കോർഡിന് അവസനമായി.
ആദ്യമായാണ് ലോകക്കപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ തോല്‍ക്കുന്നത്. ഇതിന് മുമ്പ് ലോകകപ്പില്‍ ഇരുടീമുകളും 12 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ എല്ലായ്പ്പോഴും ജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു.

ലോകകപ്പ് വേദിയില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രമാണ് ബാബര്‍ അസമും സംഘവും മറികടന്നത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച് 152 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ 13 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റും നഷ്ട്ടപ്പെടാതെ മറികടക്കുകയായിരുന്നു.
46 പന്തുകള്‍ നേരിട്ട ബാബര്‍ അസം രണ്ട് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ധോണിയുടെ പഴയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2016 ടി20 ലോകക്കപ്പിന് ശേഷമുള്ള പ്രെസ് കോണ്ഫറൻസാണ് വീഡിയോയിലുള്ളത്.
അന്നത്തെ ടി20 ലോകക്കപ്പിൽ പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെയുള്ള ധോണിയുടെ വാക്കുകൾ ഇങ്ങനെ…

“പാകിസ്ഥാനെതിരെ ലോകക്കപ്പിൽ 11-0ന് മുന്നിലെത്തിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എന്നാൽ ഇതെന്നും തുടർന്ന് കൊണ്ട് പോകാൻ പറ്റില്ല.   ഇന്നല്ലെങ്കിൽ 10, 20, 50 വർഷങ്ങൾക്ക് ശേഷമായിരിക്കും എന്നെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ പരാജയപെടും, അത് ഒരു യാഥാർത്ഥ്യമാണ്. എല്ലായ്പ്പോഴും ജയിക്കാനാവില്ല”.

https://twitter.com/savageheartttt/status/1452334200045154311?t=QaP5DAU-2felKsKrVy_yvQ&s=19

ഞായറാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 57 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 30 പന്തിൽ 39 റൺസ് നേടിയ റിഷഭ് പന്തിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള കെ എൽ രാഹുലിനെയും രോഹിത് ശർമ്മയെയും ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. രാഹുൽ 3 റൺ നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.