Skip to content

അവർ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും, ആകാശ് ചോപ്ര

പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ പാകിസ്ഥാന് ന്യൂസിലാൻഡിനെ പരാജയപെടുത്താൻ സാധിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അടുത്ത മത്സരം അതിനിർണായകമാണ്. ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ ഒഴിച്ചുള്ള മറ്റു ടീമുകൾ ദുർബലരായതിൽ യഥാർത്ഥ പോരാട്ടം ഇന്ത്യയും ന്യൂസിലാൻഡും പാകിസ്ഥാനും തമ്മിലാണ്.

( Picture Source : Twitter / ICC T20 WORLD CUP )

” പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ അത് ഇന്ത്യയ്ക്ക് സഹായകരമാകും. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ പരാജയപെടുത്തുകയും അടുത്ത മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപെടുത്തുകയും ചെയ്താൽ മൂന്ന് ടീമുകളും ഒപ്പമെത്തുകയും നെറ്റ് റൺറേറ്റ് നിർണായകമാവുകയും ചെയ്യും. ”

( Picture Source : Twitter / ICC T20 WORLD CUP )

” ന്യൂസിലാൻഡിനെ പാകിസ്ഥാൻ പരാജയപെടുത്തിയാൽ പിന്നെയൊരു ഭീഷണി അഫ്‌ഗാനിസ്ഥാൻ മാത്രമാണ്, ക്വാളിഫയർ വഴിയെത്തിയ ടീമുകൾ നമീബിയയും സ്കോട്ലൻഡുമാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാന് അനായാസം സെമിഫൈനലിൽ പ്രവേശിക്കാം. ” ആകാശ് ചോപ്ര പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ പാകിസ്ഥാന് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. അടുത്ത മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപെട്ടാൽ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.

( Picture Source : Twitter / ICC T20 WORLD CUP )

ഒക്ടോബർ 31 നാണ് ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മത്സരം. ആ മത്സരത്തിൽ വിജയിക്കുകയും മറ്റു ടീമുകൾക്കെതിരായ മത്സരത്തിൽ വലിയ റൺറേറ്റിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ പ്രവേശിക്കാം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്കോട്ലൻഡിനെ 130 റൺസിന് പരാജയപെടുത്തിയ അഫ്‌ഗാനിസ്ഥാൻ വലിയ നെറ്റ് റൺ റേറ്റോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാൻ പാകിസ്ഥാനെയോ ന്യൂസിലാൻഡിനെയോ പരാജയപെടുത്തുന്നതും ഇന്ത്യയ്ക്ക് ഗുണകരമാകും.

” പാകിസ്ഥാനെ സംബന്ധിച്ച് ന്യൂസിലാൻഡിനെതിരായ മത്സരം ചെറിയൊരു പകപോക്കലാണ്. കാരണം യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലാൻഡ് പിന്മാറിയത്. അതിൽ അവർക്കേറ്റ അപമാനം ചെറുതല്ല. പാകിസ്ഥാൻ മികച്ച ഫോമിലാണ്, ടോപ്പ് ത്രീ നന്നായി ബാറ്റ് ചെയ്യുന്നു. ഈ സാഹചര്യങ്ങൾ ഹഫീസിനും മാലിക്കിനും അനുയോജ്യമാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.