ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയപെട്ടുവെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ മത്സരത്തിൽ കാഴ്ച്ചവെച്ചത്. മൂന്നോവറിൽ 17 റൺസ് വഴങ്ങിയ ഷാക്കിബ് 2 വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷാക്കിബ് അൽ ഹസൻ. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് ഷാക്കിബ് തകർത്തത്.

മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക 49 പന്തിൽ 80 റൺസും രാജപക്‌സ 31 പന്തിൽ 53 റൺസും നേടി.
മത്സരത്തിലെ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കി. മത്സരത്തിലെ 2 വിക്കറ്റടക്കം ഐസിസി ടി20 ലോകകപ്പിൽ 41 വിക്കറ്റുകൾ ഷാക്കിബ് നേടിയിട്ടുണ്ട്. 39 വിക്കറ്റായിരുന്നു ടൂർണമെന്റ് ചരിത്രത്തിൽ അഫ്രീദി നേടിയിട്ടുണ്ടായിരുന്നത്. 38 വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ് ഈ നേട്ടത്തിൽ ഇരുവർക്കും പുറകിലുള്ളത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 52 പന്തിൽ 6 ഫോറടക്കം 62 റൺസ് നേടിയ മൊഹമ്മദ് നെയിം, 37 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 58 റൺസ് നേടിയ മുഷ്ഫിഖുർ റഹിം എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി കരുണരത്നെ, ലഹിരു കുമാര, ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് ഒന്നിലെ പോയിന്റ് ടേബിളിൽ ഓസ്ട്രേലിയയെ പിന്നിലാക്കി ശ്രീലങ്ക ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 28 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ഒക്ടോബർ 27 ന് ഇംഗ്ലണ്ടിനെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.
