Skip to content

അശ്വിനെ പോലെയൊരാളെ എന്റെ ടി20 ടീമിൽ എടുക്കില്ല, കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പോലെയൊരാളെ തന്റെ ടി20 ടീമിൽ എടുക്കില്ലെന്ന് രൂക്ഷമായ നിലപാടുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇത്തവണ അത്രയും മത്സരങ്ങൾ കളിച്ച് 7 വിക്കറ്റ് മാത്രമാണ് നേടിയത്.

ഈ സീസണിലെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റു പുറത്തായതിനു പിന്നാലെയാണ് മഞ്ജരേക്കർ അശ്വിനെതിരെ ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്. ആദ്യ 3 ഓവറിൽ 20 റൺസ് വഴങ്ങിയ അശ്വിനായിരുന്നു നിർണായകമായ ഇരുപതാം ഓവർ എറിയാനെത്തിയത്. ക്രീസിൽ ഉണ്ടായിരുന്ന ശാഖിബിനെയും നരൈനെയും തൊട്ടടുത്ത ബോളുകളിലായി പുറത്താക്കിയെങ്കിലും അഞ്ചാം പന്തിൽ സിക്സ് വഴങ്ങിയതോടെ കൊൽക്കത്ത വിജയം നേടുകയായിരുന്നു.

” ടി20 ക്രിക്കറ്റിൽ തനിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. അശ്വിൻ ശൈലി മാറ്റുമെന്ന് കരുതുന്നില്ല. ഞാനാണെങ്കിൽ  അശ്വിനെപ്പോലൊരാളെ എന്റെ ടീമിൽ എടുക്കില്ല. ടേണിംഗ് പിച്ചുകളാണെങ്കിലും വരുൺ ചക്രവർത്തി അല്ലെങ്കിൽ സുനിൽ നരെയ്ൻ അല്ലെങ്കിൽ ചാഹലിനെപ്പോലുള്ള വിക്കറ്റ് വേട്ടക്കാരെ ടീമിൽ പരിഗണിക്കും” ഇഎസ്പിഎനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“ടെസ്റ്റ് ക്രിക്കറ്റിൽ ഏതു ടീമും അശ്വിനെ അമിതമായി ആശ്രയിക്കുന്നത് മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്. കാരണം, ആ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽപ്പോലും അദ്ദേഹത്തെ കളിപ്പിക്കാത്തത് നിഗൂഢമാണ്. പക്ഷേ, ടി20 കാര്യത്തിലും ഐപിഎലിലും അശ്വിന് അമിത പരിഗണന കിട്ടുന്നുണ്ടോയെന്നു സംശയമുണ്ട് ” മഞ്ജരേക്കർ ചൂണ്ടിക്കാട്ടി

ടി20 ഫോർമാറ്റിൽ അധികം റൺസ് വഴങ്ങുന്നില്ല എന്ന കാരണം കൊണ്ട് മാത്രം അശ്വിനെ ടീമിൽ നിലനിർത്താൻ ടീമുകൾ ആഗ്രഹിക്കുമെന്ന് കരുത്തുനില്ലെന്ന അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത ആഴ്ച്ച ആരംഭിക്കാൻ പോകുന്ന ടി20 ലോകക്കപ്പിനായുള്ള ഇന്ത്യൻ ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഐപിഎലിൽ മികച്ച ഫോമിൽ തുടരുന്ന ചാഹലിന് സെലക്ടർമാർ തഴയുകയും ചെയ്തിരുന്നു.