Skip to content

ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്താൻ തങ്ങൾക്കാകുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യു എ ഇയിലെ സാഹചര്യങ്ങൾ പാകിസ്ഥാന് നന്നായി അറിയാമെന്നും അക്കാര്യങ്ങളെല്ലാം മത്സരത്തിൽ പാകിസ്ഥാന് ഗുണകരമാകുമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ ഒരിക്കൽ പോലും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.

( Picture Source : Twitter )

” കഴിഞ്ഞ മൂന്നോ നാലോ വർഷമായി യു എ ഇയിൽ കളിക്കുന്നതിന്റെ എക്സ്പീരിയൻസ് ഞങ്ങൾക്കുണ്ട്. ഇവിടുത്തെ സാഹചര്യങ്ങൾ ഞങ്ങൾക്ക് നന്നായി അറിയാം. ”

” വിക്കറ്റ് എങ്ങനെ പെരുമാറുമെന്നും അതിനനുസരിച്ച് ബാറ്റർമാർ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഞങ്ങൾക്കറിയാം. എന്നാൽ മത്സരം നടക്കുന്ന ദിവസത്തിൽ നന്നായി കളിക്കുന്ന ടീം ഏതാണോ അവരായിരിക്കും വിജയം നേടുക, എന്നാൽ എന്നോട് ചോദിക്കുകയാണെങ്കിൽ മത്സരത്തിൽ ഞങ്ങൾ തന്നെ വിജയിക്കും. ” പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

2009 ന് ശേഷം യു എ ഇയിലാണ് പാകിസ്ഥാന്റെ ഹോം മത്സരങ്ങൾ നടന്നിരുന്നത്. ടി20 ലോകകപ്പിലോ ഏകദിന ലോകകപ്പിലോ ഇന്ത്യയ്ക്കെതിരെ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ലയെങ്കിലും ആ സമ്മർദ്ദം ഇക്കുറി ടീമിനെ ബാധിക്കില്ലയെന്നും കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുന്നില്ലയെന്നും ബാബർ അസം വ്യക്തമാക്കി.

( Picture Source : Twitter )

” ഓരോ മത്സരത്തിലും സമ്മർദ്ദവും അതിതീഷ്ണതയും ഉണ്ടാവുമെന്ന് ഞങ്ങൾക്കറിയാം പ്രത്യേകിച്ചും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ. ആദ്യ മത്സരത്തിൽ വിജയിച്ചുകൊണ്ട് നല്ലരീതിയിൽ തുടങ്ങുവാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിന് മുൻപ് ഒരു ടീമെന്ന നിലയിലുള്ള ആത്മവിശ്വാസം നിർണ്ണായകമാണ്. ഭാവിയെ കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്, ഭൂതകാലത്തെ കുറിച്ചല്ല. ” ബാബർ അസം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഒക്ടോബർ 24 നാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിന് മുൻപായി ഒക്ടോബർ 18 ന് ഇംഗ്ലണ്ടിനെതിരെയും 20 ന് ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യ പരിശീലനമത്സരങ്ങൾ കളിക്കും. ഇന്നലെ ലോകകപ്പിനുള്ള അന്തിമ ടീമും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച ടീമിൽ നിന്നും ഒരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ ടീമിലുണ്ടായിരുന്ന അക്ഷർ പട്ടേലിനെ റിസർവ് താരങ്ങളുടെ പട്ടികയിലേക്ക് മാറ്റി.

( Picture Source : Twitter )