Skip to content

ഡിവില്ലിയേഴ്‌സിനെ ബാംഗ്ലൂർ നിലനിർത്തില്ല, പകരം ആ താരത്തെയാകും ; ഗംഭീർ പറയുന്നു

14 വർഷമായി ഒരു കപ്പുമില്ലാതെ റോയൽ ചെലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ യാത്ര തുടരുകയാണ്. 2009 ലും 2016 ലും ബാംഗ്ലൂർ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷത്തിൽ കാലിടറി കപ്പ് നേടാതെ മടങ്ങേണ്ടി വന്നു. 2017ലും 2019ലും പോയിന്റ് ടേബിളിൽ അവസാനക്കാരായി സീസൺ അവസാനിപ്പിച്ച ബാംഗ്ലൂർ, 2018ൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2020 ലും 2021 ലും പുതിയ കോച്ചിന്റെ കീഴിൽ മെച്ചപ്പെട്ട  പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ പ്ലേഓഫിൽ എത്തിയിരുന്നു. പക്ഷെ ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ തന്നെ പുറത്തായി.

ഇത്തവണ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് ബാംഗ്ലൂരിന്റെ ദയനീയ മടക്കം. അതേസമയം 15ആം സീസണിന് മുന്നോടിയായി മെഗാലേലം വരുന്നതോടെ ആരൊക്കെയാണ് ടീമുകൾ നിലനിർത്തുക എന്ന ചർച്ച കൊഴുക്കുകയാണ്. ഡിസംബറിൽ നടക്കുന്ന ലേലത്തിൽ പരമാവധി 3 താരങ്ങളെ നിലനിർത്താൻ ഓരോ ടീമിനും സാധിക്കുകയെന്നാണ് റിപ്പോർട്ട്.

ബാംഗ്ലൂർ കോഹ്ലി, മാക്സ്വെൽ, ചാഹൽ എന്നിവരെ നിലനിർത്തുമെന്നാണ് മുൻ ഇന്ത്യൻ താരം ഗംഭീറിന്റെ അഭിപ്രായം. ചാഹൽ ഹർഷൽ പട്ടേൽ എന്നിവരിൽ നിന്ന് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സീസണിൽ 300ൽ കൂടുതൽ റൺസ് നേടിയ ആർസിബിയുടെ പ്രധാന താരങ്ങളിൽ ഒരാളായ ഡിവില്ലിയേഴ്‌സിനെ കുറിച്ച് ചോദിച്ചപ്പോൾ ഗംഭീറിന്റെ മറുപടി ഇങ്ങനെ… ”ബാംഗ്ലൂരിന്റെ ഭാവി ഡിവില്ലിയേഴ്സ് അല്ല, എനിക്ക് തോന്നുന്നത് അവർ മാക്‌സ്‌വെല്ലിനെ നിലനിർത്തുമെന്നാണ്. അദ്ദേഹമാണ് അവരുടെ ഭാവി.”

കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച മാക്‌സ്‌വെൽ ദയനീയമായി ഫോമിലായിരുന്നു. സീസണിൽ ഉടനീളം  ഒരു സിക്സ് പോലും നേടാത്ത മാക്‌സ്‌വെൽ 106 റൺസ് മാത്രമാണ് നേടിയത്. എന്നാൽ പഞ്ചാബ് ഒഴിവാക്കിയ മാക്‌സ്‌വെലിനെ  ബാംഗ്ലൂർ ലേലത്തിൽ സ്വന്തമാക്കിയതോടെ കഥ മാറി മറിയുകയായിരുന്നു. ഈ സീസണിൽ ബാംഗ്ലൂരിന്റെ നെടുംതൂണായി മാറി.

14 മത്സരങ്ങളിൽ നിന്ന് 42 ആവറേജിൽ 513 റൺസാണ് നേടിയത്. 6 അർദ്ധ സെഞ്ചുറി ഉൾപ്പെടെയാണ് ഈ തേരോട്ടം. റൺ വേട്ടക്കാരിൽ കെഎൽ രാഹുലിന് പിറകെ രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം കരിയറിന്റെ അവസാനത്തിൽ ഉള്ള ഡിവില്ലിയേഴ്സ് കൂടിയാൽ 3 വർഷം ഐപിഎലിൽ തുടരും. അതിനാൽ തന്നെ നിലനിർത്തണമെന്ന കാര്യത്തിൽ ആർസിബി മാനേജ്മെന്റിന് കടുത്ത തലവേദനയാകും