Skip to content

എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മഹേന്ദ്ര സിങ് ധോണി ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം ബിസിസിഐ സെക്രട്ടറി തുറന്നുപറഞ്ഞത്. മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

( Picture Source : Twitter )

കഴിഞ്ഞ ആറ് ടി20 ലോകകപ്പ് എഡിഷനിലും എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. 2007 ൽ നടന്ന പ്രഥമ ഐസിസി ലോകകപ്പ് ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്. അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിനും ടീമിലെ യുവതാരങ്ങൾക്കും പുതുഊർജമേകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ക്യാപ്റ്റനെ സംബന്ധിച്ചും ഈ ഐസിസി ടി20 ലോകകപ്പ് വികാരപരമാണ്. ക്യാപ്റ്റനായുള്ള തന്റെ ആദ്യ ടി20 ലോകകപ്പ് ആണെങ്കിൽ കൂടിയും ഈ ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

” ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള തന്റെ സേവനങ്ങൾക്ക് മഹേന്ദ്ര സിങ് ധോണി യാതൊരു പ്രതിഫലവും ഈടാക്കുന്നില്ല. ” പ്രമുഖ മാധ്യമത്തിൽ സംസാരിക്കവെ ബിസിസിഐ സെക്രട്ടറി പറഞ്ഞു.

( Picture Source : IPL )

ഒക്ടോബർ 24 ന് ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാംമ്പ്യൻ ആരംഭിക്കുന്നത്. ടീമിലെ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ ഐ പി എല്ലിൽ ഒരു ബോൾ പോലും എറിഞ്ഞില്ലയെന്നതാണ് ടൂർണമെന്റിന് മുൻപേ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളി. ടീമിന്റെ മെന്ററാണെങ്കിലും എം എസ് ധോണിയുടെ ആദ്യം ലക്ഷ്യം ചെന്നൈ സൂപ്പർ കിങ്‌സിനെ നാലാം കിരീടനേട്ടത്തിലെത്തിക്കുകയെന്നതാകും. ക്വാളിഫയറിൽ ശക്തരായ ഡൽഹി ക്യാപിറ്റൽസിനെ പരാജയപെടുത്തികൊണ്ടാണ് ചെന്നൈ ഫൈനലിൽ പ്രവേശിച്ചത്. ഐ പി എല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒമ്പതാം ഫൈനലാണിത്.

( Picture Source : IPL )