അവരുടെ ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല, ‘മണ്ടൻ’ തീരുമാനത്തിൽ റിഷഭ് പന്തിനെതിരെ തുറന്നടിച്ച് ഇർഫാൻ പഠാൻ

ഐപിഎല്‍ 2021 സീസണിന്റെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ദുബൈയിൽ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണു നേടിയത്.

തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ റുഥുരാജ് ഗെയ്ക്ക്വാദിന്റെയും മധ്യനിര താരം റോബിന്‍ ഉത്തപ്പയുടെയും മിന്നുന്ന ഇന്നിങ്‌സുകളും അവസാന ഓവറുകളില്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് അവര്‍ക്കു ജയമൊരുക്കിയത്.

റുഥുരാജ് 50 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 70 റണ്‍സ് നേടിയപ്പോള്‍ ഉത്തപ്പ 44 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 63 റണ്‍സാണ് നേടിയത്. അവസാന 11 പന്തില്‍ ജയിക്കാന്‍ 24 റണ്‍സ് വേണമെന്നിരിക്കെ ജഡേജയ്ക്ക് പകരം ക്രീസില്‍ എത്തിയ നായകന്‍ ധോണി ആറു പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 18 റണ്‍സ് നേടി ടീമിനെ ജയത്തില്‍ എത്തിച്ചു.

വാശിയെറിയ മത്സരത്തിൽ അവസാന ഓവർ ചെയ്യാൻ  റിഷഭ് പന്ത് ടോം കറനെയാണ് ഏൽപ്പിച്ചത്. ആദ്യ പന്തിൽ മൊയീൻ അലിയെ ക്യാച്ചിലൂടെ പുറത്താക്കിയെങ്കിലും പിന്നാലെ സ്‌ട്രൈക്കിൽ എത്തിയ ധോണി 3 ബൗണ്ടറികൾ നേടി ഫിനിഷ് ചെയ്യുകയായിരുന്നു. റബഡയുടെ ഒരു ഓവർ ബാക്കി നിൽക്കെ ടോം കറൻ അവസാന ഓവർ നൽകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും ഇതിൽ പ്രതികരിച്ച് ട്വിറ്ററിൽ എത്തിയിരുന്നു. ”റബഡ അവസാന ഓവർ എറിയുന്നില്ല.  ഇപ്പോഴും ലോജിക്ക്  മനസ്സിലാക്കാൻ കഴിയുന്നില്ല” ഇർഫാൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം ടോം കറൻ ഓവർ നൽകാനുള്ള കാരണം പന്ത് വെളിപ്പെടുത്തിയിരുന്നു.
“മത്സരത്തിലുടനീളം ടോം (കറൻ) മനോഹരമായി പന്തെറിഞ്ഞുവെന്ന് ഞാൻ കരുതി, അതിനാൽ അവസാന ഓവറിൽ അദ്ദേഹത്തെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു”

അവസാന ഓവർ വരെ മികച്ച രീതിയിൽ തന്നെയാണ് ടോം കറൻ പന്തെറിഞ്ഞത്. 3 ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി 16 റൺസ് മാത്രമായിരുന്നു വിട്ടുനല്കിയത്. അതേസമയം റബഡ 3 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 23 റൺസ് വഴങ്ങിയിരുന്നു. ഇതായിരിക്കും പന്തിനെ അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.