CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ജഡേജയ്ക്ക് മുൻപേ ധോണി തന്നെ ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു, ഡൽഹി കോച്ച് റിക്കി പോണ്ടിങ്

ഐ പി എൽ 2021 ഒന്നാം ക്വാളിഫയറിലെ ധോണിയുടെ തകർപ്പൻ ബാറ്റിങിനെ കുറിച്ച് പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്ക്ക് മുൻപേ ധോണി ബാറ്റിങിറങ്ങുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളാണ് ധോണിയെന്നും മത്സരശേഷം റിക്കി പോണ്ടിങ് പ്രതികരിച്ചു.

( Picture Source : IPL )

ചെന്നൈ സൂപ്പർ കിങ്‌സ് നാല് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ധോണി 6 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 18 റൺസ് നേടിയിരുന്നു. അവസാന 5 പന്തിൽ 13 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി മൂന്ന് ബൗണ്ടറി നേടിയാണ് ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. 50 പന്തിൽ 70 റൺസ് നേടിയ യുവതാരം ഋതുരാജ് ഗയ്ഗ്വാദ്, 44 പന്തിൽ 63 റൺസ് നേടിയ റോബിൻ ഉത്തപ്പ എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

( Picture Source : IPL )

” അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അതിലൊരു സംശയവുമില്ല. ഡഗൗട്ടിലിരിക്കവേ ജഡേജയോ ധോണിയാണോ അടുത്തതായി ഇറങ്ങുകയെന്ന് ഞങ്ങൾ ചർച്ചചെയ്തിരുന്നു. എന്നാൽ അടുത്തതായി ധോണി ഇറങ്ങി മത്സരം ഫിനിഷ് ചെയ്യാൻ ശ്രമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പദ്ധതികൾ പ്രകാരം അവസാന ഓവറുകളിൽ പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവനെതിരെ എന്തെങ്കിലും പിഴവ് പറ്റിയാൽ അതിൽ നിങ്ങൾ ദുഃഖിക്കേണ്ടിവരും. അവൻ കാലങ്ങളായി ഈ പ്രകടനങ്ങൾ തുടരുന്നു. വിരമിച്ചുകഴിഞ്ഞാൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറായിട്ടായിരിക്കും അവൻ ഓർമിക്കപെടുക. ” മത്സരശേഷം റിക്കി പോണ്ടിങ് പറഞ്ഞു.

( Picture Source : IPL )

മത്സരത്തിൽ കഗിസോ റബാഡയ്ക്ക് ഓരോവർ ബാക്കിയുണ്ടായിരുന്നിട്ടും ടോം കറണ് അവസാന ഓവർ നൽകിയ പന്തിന്റെ തീരുമാനത്തോടും റിക്കി പോണ്ടിങ് പ്രതികരിച്ചു.

” അത് തീർച്ചയായും ഫീൽഡിൽ നിന്നുണ്ടായ തീരുമാനമാണ്. അതിനെക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ആദ്യ മൂന്ന് ഓവറിൽ 16 റൺസ് മാത്രമാണ് ടോം കറൺ വഴങ്ങിയത്. മത്സരത്തിൽ അതുവരെ നന്നായി പന്തെറിഞ്ഞതുകൊണ്ടാകാം റിഷഭ് പന്ത്‌ അവസാന ഓവർ ടോം കറണ് നൽകിയത്. ” പോണ്ടിങ് പറഞ്ഞു.

( Picture Source : IPL )

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്യാപിറ്റൽസ് പ്ലേയോഫിൽ എത്തിയത്. ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തിയ ഡൽഹിയ്ക്ക് എന്നാൽ പ്ലേയോഫിൽ ധോണിയെയും കൂട്ടരെയും കീഴടക്കാൻ സാധിച്ചില്ല. എലിനേറ്ററിൽ വിജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറിൽ പരാജയപെടുത്തിയാൽ മാത്രമേ ഫൈനലിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിക്കൂ.

( Picture Source : IPL )