Skip to content

അവിസ്മരണീയ വിജയത്തിന് പിന്നാലെ ആനന്ദ കണ്ണീരിൽ കൊച്ചു ആരാധിക, സ്നേഹ സമ്മാനവുമായി ധോണി : വീഡിയോ

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിൽ. ഐപിഎല്‍ പതിനാലാം സീസണില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ജയം നേടി. അവസാന ഓവറില്‍  ധോണിയുടെ തകർപ്പൻ ഫിനിഷിങ്ങിലായിരുന്നു ചെന്നൈയുടെ ജയം.

മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫാഫ് ഡുപ്ലസി നോര്‍ജെയുടെ പേസിന് മുന്നില്‍ ബൗള്‍ഡായി. എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ്-റോബിന്‍ ഉത്തപ്പ സഖ്യം 59 റണ്‍സിലെത്തിച്ചു. ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 13-ാം ഓവറില്‍ ചെന്നൈ 100 തികച്ചു. എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് തകർത്തു. 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്തായി. പിന്നാലെ 37 പന്തില്‍ നിന്ന് ഗെയ്‌ക്‌വാദ് ഫിഫ്റ്റി പൂര്‍ത്തിയാക്കി.

അടുത്ത ഓവറില്‍ അമ്പാട്ടി റായുഡു(1) രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സായി ചെന്നൈയുടെ ലക്ഷ്യം. ഗെയ്‌ക്‌വാദ്(50 പന്തില്‍ 70) ആവേഷിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സറിന്‍റെ ക്യാച്ചില്‍ പുറത്തായി. മൊയീന്‍ അലി(12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും 6 പന്തില്‍ 18 റൺസെടുത്തു. രവീന്ദ്ര ജഡേജയും (0) പുറത്താകാതെ നിന്നു.

മത്സരത്തിന് പിന്നാലെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ധോണി.
അവിസ്മരണീയ വിജയത്തിന് ശേഷം ചെന്നൈ ക്യാപ്റ്റൻ ധോണി രണ്ട് കൊച്ച്‌ ആരാധകര്‍ക്ക് ബോൾ സമ്മാനം നല്‍കുന്ന രംഗങ്ങളാണ് ധോണിയെ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. ടീമംഗങ്ങളോടൊപ്പം ഡ്രെസിംഗ് റൂമിലെ ബാല്‍ക്കണിയില്‍ നിന്ന ധോണി, തൊട്ടുമുകളിലത്തെ നിലയില്‍ നിന്ന് കുട്ടി ആരാധകര്‍ക്ക് തന്റെ ഒപ്പിട്ട ഒരു പന്ത് നല്‍കുന്നതാണ് വീഡിയോയില്‍.

https://twitter.com/Hemanth216/status/1447276669715156993?t=nCVi8kh9axSkU2PBc74GxQ&s=19

ബോളിൽ തന്റെ ഒപ്പ് ചാർത്തിയ ശേഷം ധോണി അത് മുകളിലേക്ക് എറിഞ്ഞു നല്‍കുകയായിരുന്നു. പന്ത് കിട്ടിയ കുട്ടികള്‍ ആആഹ്ലാദത്തിൽ അതും കൊണ്ട് അമ്മയുടെ അടുത്ത് ഓടിപോകുന്നതും എല്ലാവരെയും ആ പന്ത് കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. നേരത്തെ ചെന്നൈ ഫൈനലിലെത്തിയ സന്തോഷത്തില്‍ ഈ കുട്ടികള്‍ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട ധോണി കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുകയായിരുന്നു.