Skip to content

ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ

യു എ ഇയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയതുപോലെ ഇക്കുറി ചരിത്രം ആവർത്തിക്കുമെന്നും ഹിറ്റ്മാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2007 ൽ പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയശേഷം 2014 ൽ ഫൈനലിനും 2016 ൽ സെമിഫൈനലിലും ഇന്ത്യ പ്രവേശിച്ചുരുന്നുവെങ്കിലും കിരീടം നേടുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ രോഹിത് ശർമ്മ കുറിച്ചു.

( Picture Source : Twitter )

ടൂർണമെന്റിൽ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2007 ൽ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ എം എസ് ധോണിയെ ലോകകപ്പിനുള്ള ടീമിന്റെ മെന്ററായും ഇന്ത്യ നിയമിച്ചിരുന്നു.

( Picture Source : Twitter )

” സെപ്റ്റംബർ 24 ജോഹനാസ്ബർഗ് അന്നാണ് കോടിക്കണക്കിന് സ്വാപ്നങ്ങൾ യാഥാർത്ഥ്യമായത്. ഞങ്ങളെ പോലെ എക്സ്പീരിയൻസ് ഇല്ലാത്ത യുവനിരയുള്ള ടീം ചരിത്രം സൃഷ്ടിക്കുമെന്ന് ആരും കരുതികാണില്ല. അതിനുശേഷം 14 വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ ഒരുപാട് സഞ്ചരിച്ചു. ഒരുപാട് ചരിത്രങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾക്കും തിരിച്ചടികളുണ്ടായി, ഞങ്ങളും ബുദ്ധിമുട്ടി, എന്നാൽ ഞങ്ങൾ മനോബലം തകർന്നിട്ടില്ല. കാരണം ഞങ്ങളൊരിക്കലും തോൽക്കാൻ തയ്യാറല്ല. ഈ ഐസിസി ലോകകപ്പിൽ ഞങ്ങളിൽ ഓരോരുത്തരും കഴിവിന്റെ അങ്ങേയറ്റം ടീമിന് വേണ്ടി നൽകും. ഞങ്ങൾ വരുന്നുണ്ട്, ഈ ട്രോഫി ഞങ്ങളുടെയാണ്. ഇന്ത്യ നമുക്കത് നേടാം. ” രോഹിത് ശർമ്മ കുറിച്ചു.

( Picture Source : Twitter )

ഈ ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനൊരുങ്ങുകയാണ് വിരാട് കോഹ്ലി. വഴിത്തിരിവുകളൊന്നും ഉണ്ടായില്ലയെങ്കിൽ ലോകകപ്പിന് ശേഷം രോഹിത് ശർമ്മയാകും ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുക. ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡാണ് രോഹിത് ശർമ്മയ്ക്കുള്ളത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടനേട്ടത്തിലെത്തിച്ച രോഹിത് ഇന്ത്യൻ ക്യാപ്റ്റനായും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

( Picture Source : Twitter )