Skip to content

ആ താരത്തെ വിട്ടുനൽകിയതാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ നഷ്ടം : ഗംഭീർ പറയുന്നു

സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസിന്  വിട്ടുനൽകിയതിൽ  ഖേദമുണ്ടെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീർ.
2012 ൽ മുംബൈ ഇന്ത്യൻസിനൊപ്പം സൂര്യകുമാർ യാദവ് തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്, എന്നാൽ ഒരു മത്സരം മാത്രം കളിച്ച സൂര്യകുമാർ യാദവ് 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോവുകയായിരുന്നു. കൊൽക്കത്തയ്ക്ക് വേണ്ടി 4 വർഷം കളിച്ച സൂര്യകുമാർ 54 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിന്റെയും ഇന്ത്യയുടെയും മുഖ്യധാരകളിലൊരാളായി മാറിയെന്നും അദ്ദേഹം ഇപ്പോൾ തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലാണെന്നും ഗംഭീർ എടുത്തുപറഞ്ഞു.
കെ‌കെ‌ആർ അദ്ദേഹത്തെ ഏഴാം സ്ഥാനത്ത് ഉപയോഗിച്ചതിനാൽ മുംബൈയ്ക്കായി ഇപ്പോൾ പുറത്തെടുക്കുന്ന പ്രകടനം അന്ന്  അദ്ദേഹത്തിന് കാഴ്ച്ചവെക്കാൻ കഴിഞ്ഞില്ല. 

ക്യാപ്റ്റനായിരുന്ന സമയത്ത് സൂര്യകുമാറിനെ മൂന്നാം നമ്പറിൽ ഇറക്കാത്തതിൽ ഖേദിക്കുന്നുവെന്നും ഗംഭീർ പറഞ്ഞു. മൂന്നാം നമ്പറിൽ മനീഷ് പാണ്ഡെ, യൂസഫ് പത്താൻ തുടങ്ങിയ താരങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഈ തീരുമാനം എടുക്കാൻ സാധിക്കാത്തതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

“കൊൽക്കത്തയുടെ ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് ഉള്ള ഒരേയൊരു ഖേദം സൂര്യകുമാർ യാദവിനെ മൂന്നാം നമ്പർ സ്ഥാനത്തേക്ക് മാറ്റിയില്ല എന്നതാണ്. മനീഷ് പാണ്ഡെ, യൂസഫ് പത്താൻ തുടങ്ങിയ കളിക്കാർ ഉണ്ടായിരുന്നു, അതിനാൽ ഞങ്ങൾ എപ്പോഴും അദ്ദേഹത്തെ ഒരു ഫിനിഷറായി ഉപയോഗിക്കേണ്ടതായി വന്നു. ഒരുപാട് കളിക്കാർ ഒരു ഫ്രാഞ്ചൈസിയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നു.  കെകെആറിന്റെ കാഴ്ചപ്പാടിൽ, സൂര്യകുമാർ യാദവിനെ വിട്ടയച്ചത് ഏറ്റവും വലിയ നഷ്ടമാണ് ” ഗംഭീർ
സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

“നാല് വർഷമായി ഞങ്ങൾ വളർത്തിയ ഒരാളാണ് അദ്ദേഹം, എന്നിട്ട് അവനെ പോകാൻ അനുവദിച്ചു, ഇപ്പോൾ അവൻ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന നിലയിലാണ്.  ഞങ്ങൾക്ക് അദ്ദേഹത്തിന് ആ സ്ഥാനം (നമ്പർ 3) നൽകാൻ കഴിയാത്തതിനാൽ, ഒരു സീസണിൽ  400-500 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരാളുടെ നഷ്ടം മറ്റൊരാളുടെ വൻ നേട്ടമാണ് എന്ന് പറയുന്നത് പോലെ.  മുംബൈ ഇന്ത്യൻസിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.  കെ‌കെ‌ആർ അവനെ വിട്ടയച്ചു, ഇപ്പോൾ അദ്ദേഹം മുംബൈയുടെ ബാറ്റിംഗ് നിരയിലെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു