Skip to content

കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സിനെതിരെ അനായാസ വിജയം

ഐ പി എൽ പതിനാലാം സീസണിൽ കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം ഡൽഹി മറികടന്നു.

( Picture Source : Twitter / IPL )

ഡൽഹിയ്ക്ക് വേണ്ടി ശിഖാർ ധവാൻ 37 പന്തിൽ നിന്നും 42 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 41 പന്തിൽ 47 റൺസും ക്യാപ്റ്റൻ റിഷഭ് പന്ത്‌ 21 പന്തിൽ 35 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 21 പന്തിൽ 28 റൺസ് നേടിയ അബ്‌ദുൽ സമദിന്റെയും 22 റൺസ് നേടിയ റാഷിദ് ഖാന്റെയും മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്. ഡേവിഡ് വാർണർ റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 26 പന്തിൽ 18 റൺസ് നേടി പുറത്തായി.

( Picture Source : Twitter / IPL )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കഗിസോ റബാഡ നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആന്റിച്ച് നോർജെ നാലോവറിൽ 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ നലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

സീസണിലെ ഡൽഹി ക്യാപിറ്റൽസിന്റെ ഏഴാം വിജയമാണിത്. വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. സെപ്റ്റംബർ 25 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം. സീസണിലെ ഏഴാം പരാജയമാണ് സൺറൈസേഴ്സ് ഏറ്റുവാങ്ങിയത്. സെപ്റ്റംബർ 25 ന് പഞ്ചാബ് കിങ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )