അന്ന് സുരേഷ് റെയ്നയെ വീഴ്ത്തിയത് വിരാട് കോഹ്ലിയുടെ പ്ലാൻ, തുറന്നുപറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ

2019 ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്ലാൻ പ്രകാരമായിരുന്നുവെന്ന് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുൻപായി നടന്ന സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് ലൈവിൽ സംസാരിക്കവെയാണ് ഇക്കാര്യം സ്റ്റെയ്ൻ വെളിപ്പെടുത്തിയത്.

( Picture Source : Twitter / IPL )

” 2019 ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ ഞാൻ നേടിയിരുന്നു. സുരേഷ് റെയ്‌ന ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ സ്റ്റമ്പിന് നേരെ ഫുൾ ലെങ്തിൽ പന്തെറിയാനാണ് കോഹ്ലി ആവശ്യപ്പെട്ടത്. ആ പന്തിൽ റെയ്നയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷമുള്ള സെലിബ്രേഷൻ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ നേരെ ചെന്നത് കോഹ്ലിയുടെ അടുത്തേക്കാണ്. ” സ്റ്റെയ്ൻ പറഞ്ഞു.

( Picture Source : Twitter / IPL )

” അവനൊരു അസാമാന്യ ക്യാപ്റ്റനാണ്, മികച്ച ലീഡറും എല്ലായ്പ്പോഴും മറ്റുള്ളവരിൽ നിന്നും ഉപദേശം സ്വീകരിക്കുന്നതിൽ അവൻ യാതൊരു മടിയും കാണിക്കാറില്ല. ” സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ 200 മത്സരം പൂർത്തിയാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വിരാട് കോഹ്ലി സ്വന്തമാക്കി. എന്നാൽ മത്സരത്തിൽ വിജയിക്കുവാൻ കോഹ്ലിപ്പടയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ 9 വിക്കറ്റിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ പരാജയപെടുത്തിയത്.

ആർ സി ബി ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ അവസാന ഐ പി എൽ സീസനാണിത്. ഈ ഐ പി എൽ സീസണിന് ശേഷം ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും എന്നാൽ അവസാന ഐ പി എൽ മത്സരം വരെ താൻ ആർ സി ബി പ്ലേയറായിരിക്കുമെന്നും ആദ്യ മത്സരത്തിന് മുൻപായി കോഹ്ലി പറഞ്ഞിരുന്നു.

( Picture Source : Twitter / IPL )