തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ, സുരേഷ് റെയ്‌ന, എ ബി ഡിവില്ലിയേഴ്സ് എന്നിവരെയാണ് ഈ നേട്ടത്തിൽ കെ എൽ രാഹുൽ പിന്നിലാക്കിയത്.

( Picture Source : Twitter / IPL )

മത്സരത്തിൽ 22 റൺസ് പിന്നിട്ടതോടെ ഐ പി എല്ലിൽ 3000 റൺസ് കെ എൽ രാഹുൽ പൂർത്തിയാക്കി. വെറും 80 ഇന്നിങ്സിൽ നിന്നുമാണ് കെ എൽ രാഹുൽ ഐ പി എല്ലിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം കെ എൽ രാഹുൽ സ്വന്തമാക്കി.

( Picture Source : Twitter / IPL )

94 ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ സൺറൈസേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ, 103 ഇന്നിങ്സിൽ നിന്നും 3000 റൺസ് പിന്നിട്ട ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന, 104 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട എ ബി ഡിവില്ലിയേഴ്സ്, അജിങ്ക്യ രഹാനെ എന്നിവരെയാണ് ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടിയവരുടെ പട്ടികയിൽ കെ എൽ രാഹുൽ പിന്നിലാക്കിയത്.

( Picture Source : Twitter / IPL )

വെറും 75 ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ഈ പട്ടികയിൽ കെ എൽ രാഹുലിന് മുൻപിലുള്ളത്.

( Picture Source : Twitter / IPL )

2013 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് കെ എൽ രാഹുൽ ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2018 മുതൽ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ താരമായ കെ എൽ രാഹുൽ തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണുകളിൽ ടീമിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതിനോടകം 8 മത്സരങ്ങളിൽ നിന്നും 63.33 ശരാശരിയിൽ 380 റൺസ് കെ എൽ രാഹുൽ നേടികഴിഞ്ഞു.

( Picture Source : Twitter / IPL )