Skip to content

അവൻ ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാകും, കെ കെ ആർ സ്പിന്നറെ പ്രശംസിച്ച് വിരാട് കോഹ്ലി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിയെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വരുൺ ചക്രവർത്തി നേടിയിരുന്നു.

( Picture Source : Twitter / IPL )

മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. ആർ സി ബി ഉയർത്തിയ 93 റൺസിന്റെ വിജയലക്ഷ്യം 10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ 34 പന്തിൽ 48 റൺസും വെങ്കടേഷ് അയ്യർ 27 പന്തിൽ 41 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയ്ക്കൊപ്പം മൂന്നോവറിൽ 9 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസ്സലും ചേർന്നാണ് തകർത്തത്.

( Picture Source : Twitter / IPL / BCCI )

” മികച്ച പ്രകടനമായിരുന്നു വരുണിന്റെത്, ഡഗൗട്ടിലിരിക്കുമ്പോൾ ഞാൻ അതായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ അവൻ ടീമിന്റെ നിർണായക താരമായി മാറും. എല്ലാ യുവതാരങ്ങളിൽ നിന്നും ഇത്തരം പ്രകടനം കാഴ്ച്ചവെയ്ക്കണം. എങ്കിൽ ഇന്ത്യൻ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് ശക്തമായി തുടരൂ. കൂടാതെ അവൻ സമീപഭാവിയിൽ ഇന്ത്യയ്ക്കായി കളിക്കാൻ പോകുന്ന താരമാണ്. അത് ഇന്ത്യയ്ക്ക് ഒരു നല്ല സൂചനയാണ്. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / IPL )

മികച്ച പാർട്നർഷിപ്പുകളുടെ അഭാവമാണ് മത്സരത്തിൽ ആർ സി ബിയ്ക്ക് തിരിച്ചടിയായതെന്നും വളരെ പെട്ടെന്ന് ഡ്യൂ മത്സരത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിച്ചില്ലയെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു. ബാംഗ്ലൂർ നിരയിൽ നാല് ബാറ്റ്‌സ്മാന്മാർ മാത്രമായിരുന്നു രണ്ടക്കം കടന്നത്. കോഹ്ലി 5 റൺ നേടി പുറത്തായപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 10 റൺസും ഡിവില്ലിയേഴ്‌സ് റണ്ണൊന്നും നേടാതെയും പുറത്തായി.

യു എ ഇയിലെ ബാംഗ്ലൂരിന്റെ തുടർച്ചയായി ആറാം പരാജയമാണിത്. നേരത്തെ യു എ ഇയിൽ നടന്ന 2020 സീസണിലെ അവസാന അഞ്ച് മത്സരങ്ങളിലും ആർ സി ബി പരാജയപെട്ടിരുന്നു. സെപ്റ്റംബർ 24 ന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സുമായാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

( Picture Source : Twitter / IPL )