Skip to content

ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

യു എ ഇ യിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ഫോർമാറ്റിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കോഹ്ലി ആരാധകരുമായി പങ്കിട്ടത്. നേരത്തെ ലോകകപ്പിന് ശേഷം ലിമിറ്റഡ് ഓവർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടി20 ഫോർമാറ്റിൽ നിന്നും മാത്രമായാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

( Picture Source : Twitter /BCCI )

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ ക്യാപ്റ്റനായി താൻ തുടരുമെന്നും കോഹ്ലി പറഞ്ഞു.

( Picture Source : Twitter /BCCI )

” ജോലിഭാരത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ എട്ടോ ഒമ്പതോ വർഷമായി മൂന്ന് ഫോർമാറ്റിലും ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയും ആറിലധികം വർഷമായി ടീമിനെ നയിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ടീമിനെ ഏകദിനത്തിലും ടെസ്റ്റിലും നയിക്കുവാൻ ഞാൻ പൂർണ്ണമായും തയ്യാറാകേണ്ടതുണ്ട്, അതിന് എനിക്ക് സ്‌പേസ് ആവശ്യമാണ്. ടി20യിൽ ക്യാപ്റ്റനായിരിക്കെ ടീമിന് വേണ്ടി എല്ലാം ഞാൻ നൽകിയിരുന്നു. ടി20 ടീമിന് വേണ്ടി ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഞാനത് തുടരും ” കോഹ്ലി കുറിച്ചു.

( Picture Source : Twitter /BCCI )

” ഒരുപാട് സമയമെടുത്താണ് ഈ തീരുമാനത്തിലേക്ക് ഞാൻ എത്തിച്ചേർന്നത്. എന്റെ അടുത്ത ആളുകളുമായും രവി ഭായിയും രോഹിത് ശർമ്മയുമായും ഞാൻ ഒരുപാട് ചർച്ചകൾ നടത്തി. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും പ്രസിഡന്റ് സൗരവ്‌ ഗാംഗുലിയുമായും സെലക്ടർമാരുമായും ഞാൻ സംസാരിച്ചു. എന്റെ കഴിവിന്റെ പരമാവധി ഇന്ത്യൻ ടീമിനും ഇന്ത്യൻ ക്രിക്കറ്റിനും വേണ്ടിയുള്ള എന്റെ സേവനം തുടരും. ” കോഹ്ലി കുറിച്ചു.

( Picture Source : Twitter /BCCI )

2017 മുതൽ ഇതുവരെ 45 ടി20 മത്സരങ്ങളിൽ കോഹ്ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. 27 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 14 മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയപെട്ടത്.

( Picture Source : Twitter /BCCI )