Skip to content

നടരാജനെതിരെ സ്റ്റാർക്കും കമ്മിൻസും ബൗൺസർ എറിഞ്ഞിരുന്നു, ആൻഡേഴ്സനെതിരായ ബുംറയുടെ ബൗൺസർ പ്രയോഗത്തിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ജെയിംസ് ആൻഡേഴ്സനെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗൺസറുകൾ എറിഞ്ഞതിൽ തെറ്റില്ലെന്ന് ഷാർദുൽ താക്കൂർ. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ എതിർടീമിലെ ബൗളർമാർ ബൗൺസറുകൾ പ്രയോഗിക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടരാജൻ നേരിട്ട അനുഭവം ചൂണ്ടിക്കാട്ടി താക്കൂർ പറഞ്ഞു.

( Picture Source : Twitter / BCCI )

” ആൻഡേഴ്സനെ അറ്റാക്ക് ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. ലോർഡ്സ് ടെസ്റ്റിൽ സംഭവിച്ച കാര്യം ഓവൽ ടെസ്റ്റിലേക്കും നീണ്ടു. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ബുംറയോട് ആൻഡേഴ്സൻ പറഞ്ഞത്. ഇംഗ്ലണ്ട് ടീം ബുംറയെ അധിക്ഷേപിച്ചു. ആ വാക്കുകൾ പുറത്തുപറയാൻ പോലും സാധിക്കില്ല. ” താക്കൂർ പറഞ്ഞു.

( Picture Source : Twitter / BCCI )

ലോർഡ്സിൽ നടന്ന മത്സരത്തിലായിരുന്നു ബൗൺസറുകളിലൂടെ ബുംറ ആൻഡേഴ്സണെ വിറപ്പിച്ചത്. തുടർന്ന് പ്രകോപിതനായ ആൻഡേഴ്സനെ ബുംറയോട് കയർക്കുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കുകയായിരുന്നില്ല ബുംറയുടെ ശ്രമമെന്ന് മത്സരശേഷം ആൻഡേഴ്സൻ പറയുകയും ചെയ്തു.

( Picture Source : Twitter / BCCI )

” വിദേശ പര്യടനങ്ങളിൽ ഞങ്ങളുടെ വാലറ്റ ബാറ്റ്‌സ്മാന്മാരും ബൗൺസറുകൾ നേരിടേണ്ടി വരാറുണ്ട്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ നടരാജന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബാറ്റ് ചെയ്ത് പരിചയമില്ലെന്ന് അറിഞ്ഞുപ്പോലും മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും അവനെതിരെ ബൗൺസറുകൾ എറിഞ്ഞിരുന്നു. ”

” പിന്നെന്തുകൊണ്ട് ഞങ്ങൾക്ക് എതിർടീമിലെ വാലറ്റ ബാറ്റ്‌സ്മാന്മാർക്കെതിരെ ബൗൺസർ എറിഞ്ഞുകൂടാ ? ₹ അവനെതിരെ ബൗൺസർ എറിഞ്ഞാൽ എന്താണ് കുഴപ്പം ? ബോഡിലൈനിൽ ഞങ്ങൾക്കും ബൗൾ ചെയ്തുകൂടെ ? ഞങ്ങൾ ആരെയും പ്രീതിപ്പെടുത്താൻ വേണ്ടിയല്ല കളിക്കുന്നത്, വിജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്. ” താക്കൂർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. അവസരം ലഭിച്ച രണ്ട് മത്സരങ്ങളിൽ നിന്നും 117 റൺസും 7 വിക്കറ്റും താക്കൂർ നേടിയിരുന്നു. ഓവൽ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും താക്കൂർ ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഈ തകർപ്പൻ ഫോം ഐ പി എല്ലിലും തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷാർദുൽ താക്കൂർ. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് താക്കൂർ.

( Picture Source : Twitter / BCCI )