Skip to content

ടി20 ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടർ

യു എ ഇയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഭൂരിഭാഗം ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നമ്പർ 1 സ്പിന്നർ ആണെങ്കിൽ കൂടിയും ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കഴിഞ്ഞ നാല് വർഷങ്ങളിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

( Picture Source : Twitter )

2017 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയാണ് അശ്വിൻ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി ടി20 മത്സരം കളിച്ചത്.

” രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ സ്ഥിരമായി കളിക്കുന്നുണ്ട്. ഐ പി എല്ലിൽ മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തിട്ടുള്ളത്. ലോകകപ്പിൽ ഒരു ഓഫ് സ്പിന്നറെ ടീമിന് ആവശ്യമാണ്. യു എ ഇ യിലെ വിക്കറ്റ് സ്ലോ ആകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്, കൂടാതെ ഐ പി എല്ലും അവിടെ വെച്ചാണ് നടക്കുന്നത്. ” ചേതൻ ശർമ്മ പറഞ്ഞു.

( Picture Source : Twitter )

” സാഹചര്യങ്ങൾ സ്പിന്നർമാർക്ക് അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ ഓഫ് സ്പിന്നറുടെ സാന്നിധ്യം നിർണായകമാണ്. വാഷിങ്ടൺ സുന്ദറിന് പരിക്ക് പറ്റി, അശ്വിൻ ടീമിന്റെ പ്രധാന താരമാണ് ഐ പി എല്ലിലും അവൻ മികവ് പുലർത്തുന്നു. അതുകൊണ്ടാണ് ടീമിൽ അശ്വിൻ സ്ഥാനം കണ്ടെത്തിയത്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി 46 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 52 വിക്കറ്റുകൾ ടീമിനായി നേടിയിട്ടുണ്ട്‌. രാഹുൽ ചഹാർ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവരാണ് ലോകകപ്പ് ടീമിലെ ഇന്ത്യയുടെ മറ്റു സ്പിന്നർമാർ. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഉപദേശകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെയും ഉൾപെടുത്തിയിട്ടുണ്ട്.

( Picture Source : Twitter )