Skip to content

2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്യാൻസൽ ചെയ്ത ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റീഷെഡ്യൂൾ ചെയ്യാനുള്ള ഇന്ത്യയുടെ ഓഫറിനെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പര്യടനത്തിനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇംഗ്ലണ്ടിന്റെ തീരുമാനം ഒരിക്കലും മറക്കരുതെന്നും സോണി സ്പോർട്സിൽ സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്നലെ ഇന്ത്യൻ ടീം ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ചാം ടെസ്റ്റ് നടക്കുവാനുള്ള സാധ്യതകൾ അവസാനിച്ചത്. നാലാം ടെസ്റ്റിനിടെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയ്ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് നെഗറ്റീവ് ആയതോടെ മത്സരം നടന്നിരുന്നു.

” അത് ശരിയായ തീരുമാനമാണ്. 2008 ലെ ആ ഭീകരാക്രമണത്തിന് ശേഷം ഇംഗ്ലണ്ട് ചെയ്ത കാര്യം ഞങ്ങൾ ഒരിക്കലും മറക്കില്ല. അവർ ഇന്ത്യൻ പര്യടനത്തിനായി തിരിച്ചെത്തി. തങ്ങൾ സുരക്ഷിതരല്ലയെന്നും തിരിച്ചെത്തുന്നില്ലയെന്നും പറയാനുള്ള അവകാശം അവർക്കുണ്ടായിരുന്നു. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter / BCCI )

” കെവിൻ പീറ്റേഴ്‌സണായിരുന്നു അന്ന് ടീമിനെ നയിച്ചിരുന്നത്. കെ പി അന്ന് എനിക്ക് പോകാൻ സാധിക്കില്ലയെന്ന് പറഞ്ഞിരുന്നുവെങ്കിൽ അവിടെ വെച്ച് ആ കാര്യം അവസാനിക്കുമായിരുന്നു. എന്നാൽ കെ പിയ്ക്ക് വരാൻ സമ്മതമായിരുന്നു, അവൻ മറ്റുള്ളവരുടെ സമ്മതം നേടിയെടുക്കുകയും ആ ടീം ഇന്ത്യയിലെത്തുകയും മികച്ച ടെസ്റ്റ് മത്സരം സമ്മാനിക്കുകയും ചെയ്തു. ചെന്നൈയിൽ നടന്ന മത്സരത്തിൽ അവസാന ദിനത്തിൽ 380 റൺസ് ചേസ് ചെയ്താണ് ഇന്ത്യ വിജയിച്ചത്. അതൊരിക്കലും മറക്കരുത്. അവരുടെ ആ തീരുമാനം എല്ലായ്പ്പോഴും ഓർമവേണം. ” സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.

” അടുത്ത വർഷവും ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനമുണ്ട്. ഐ പി എൽ ജൂണിന്റെ തുടക്കത്തിൽ തന്നെ അവസാനിക്കും. അതിനാൽ കുറച്ചുദിവസം മുൻപേ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ അവർക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഒരു ടെസ്റ്റ് മത്സരം മുൻപോ ശേഷമോ ( ലിമിറ്റഡ് ഓവർ പരമ്പരകൾക്ക് ) നടത്തുവാൻ സാധിക്കും. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter / BCCI )