Skip to content

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വമ്പൻ നേട്ടം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും ബുംറ നേടിയിരുന്നു. മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങിൽ തിരിച്ചടി നേരിട്ടപ്പോൾ ഓൾറൗണ്ടർമാരുടെ റാങ്കിങിൽ ജഡേജ നേട്ടമുണ്ടാക്കി.

( Picture Source : Twitter / BCCI )

മത്സരത്തിൽ രണ്ട് ഇന്നിങ്‌സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറ ബൗളർമാരുടെ റാങ്കിങിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. മത്സരത്തിലെ പ്രകടനത്തോടെ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ബുംറ റാങ്കിങിൽ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജെയിംസ് ആൻഡേഴ്സൻ ഏഴാം സ്ഥാനത്തെത്തിയപ്പോൾ സഹതാരം സ്റ്റുവർട്ട് ബ്രോഡ് എട്ടാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ ആദ്യ ഇന്നിങ്‌സിൽ ഗോൾഡൻ ഡക്കായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപെട്ടു. ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് റാങ്കിങിൽ ജോ റൂട്ടിന് മുൻപിലുള്ളത്. ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കെയ്ൻ വില്യംസനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter / ENGLAND CRICKET )

ആദ്യ ഇന്നിങ്‌സിൽ തകർപ്പൻ ഫിഫ്റ്റി നേടിയ രവീന്ദ്ര ജഡേജ ഓൾറൗണ്ടർമാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറാണ് ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter / BCCI )

അഞ്ചാം ദിനം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ കലാശിച്ചത്. ഓഗസ്റ്റ് 12 ന് ലോർഡ്സിലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.

( Picture Source : Twitter / BCCI )