Skip to content

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിനെ മഞ്ജരേക്കർ തിരഞ്ഞെടുത്തത്. ഇരുവരെയും ഒഴിവാക്കിയതിന് പിന്നിലെ കാരണവും മഞ്ജരേക്കർ തുറന്നുപറഞ്ഞു.

( Picture Source : Twitter / BCCI )

ആദ്യ മത്സരത്തിൽ ഇന്ത്യ വിജയപ്രതീക്ഷ നിലനിർത്തിയിരുന്നുവെങ്കിലും അഞ്ചാം ദിനം മഴമൂലം ഉപേക്ഷിച്ചതിനാൽ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. മത്സരത്തിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ലയെങ്കിലും ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടി മികച്ച പ്രകടനം ജഡേജ പുറത്തെടുത്തിരുന്നു. മറുഭാഗത്ത് ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്‌സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇരുവരെയും ഉൾപെടുത്തരുതെന്നു നിർദ്ദേശമാണ് മഞ്ജരേക്കർ നൽകുന്നത്. ഇരുവർക്കും പകരക്കാരായി രവിചന്ദ്രൻ അശ്വിനെയും ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയുമാണ് ടീമിൽ ഉൾപ്പെടുത്തേണ്ടതെന്നും മഞ്ജരേക്കർ പറഞ്ഞു.

( Picture Source : Twitter / BCCI )

” രോഹിത് ശർമ്മയും കെ എൽ രാഹുലുമാണ് എന്റെ ഓപ്പണർമാർ. ആദ്യ മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും മൂന്നാമനായി പുജാര തന്നെവേണം. നാലാം നമ്പറിൽ വിരാട് കോഹ്ലിയും അഞ്ചാമനായി അജിങ്ക്യ രഹാനെയും. അടുത്തത് ഒരുപക്ഷേ വിവാദപരമായ തീരുമാനമായേക്കാം എന്നാൽ ആറാം നമ്പറിൽ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയായിരിക്കും ഞാൻ തിരഞ്ഞെടുക്കുക. കാരണം ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ മികച്ച ബാറ്റിങ് ഡെപ്ത് ടീമിന് അനിവാര്യമാണ്. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

( Picture Source : Twitter )

” ഏഴാം നമ്പറിലാണ് പന്ത് ഇറങ്ങുന്നതെങ്കിൽ അവൻ കൂടുതൽ അപകടകാരിയാകും. കാരണം വാലറ്റത്തോടൊപ്പം നന്നായി ബാറ്റ് ചെയ്യാൻ അവനറിയാം. ഞാൻ ഹനുമാ വിഹാരി തിരഞ്ഞെടുക്കുന്നത് എന്തിനാണെന്നാൽ അവൻ അവസാനം കളിച്ച ടെസ്റ്റിൽ രണ്ടര മണിക്കൂറോളം ബാറ്റ് ചെയ്തുകൊണ്ട് ഇന്ത്യയെ രക്ഷിച്ചിരുന്നു. ”

( Picture Source : Twitter )

” ഞാൻ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. കാരണം ആദ്യ മത്സരത്തിൽ അവനെ ഒഴിവാക്കിയത് തെറ്റായിപോയെന്നാണ് ഞാൻ കരുതുന്നത്. ഏതൊരു നല്ല പിച്ചിലും വിക്കറ്റ് നേടാൻ അശ്വിന് സാധിക്കും. മൂന്ന് പേസർമാരെ ഞാൻ ടീമിൽ ഉൾപ്പെടുത്തും ഷാമിയും ബുംറയും, ഇഷാന്ത് ശർമ്മ ഫിറ്റാണോയെന്ന് എനിക്കറിയില്ല. എന്നാൽ ഞാൻ മൂന്നാം പേസറായി സിറാജിനെയായിരിക്കും തിരഞ്ഞെടുക്കുക. കാരണം 5 വിക്കറ്റ് നേടാനുള്ള കഴിവ് അവനുണ്ട്. ” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

മഞ്ജരേക്കർ തിരഞ്ഞെടുത്ത രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ഇലവൻ

രോഹിത് ശർമ്മ, കെ എൽ രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്‌ (wk), രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്.

( Picture Source : Twitter / BCCI )