Skip to content

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല.

( Picture Source : Twitter / ENGLAND CRICKET )

ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്. തുടർന്ന് നടത്തിയ MRI സ്കാനിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിൽ നിന്നും പുറത്തായിരിക്കുന്നത്. ബ്രോഡിന് പകരക്കാരനായി യുവതാരം സാഖിബ് മഹ്മൂദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ തകർപ്പൻ പ്രകടനമായിരുന്നു സാഖിബ് മഹ്മൂദ് കാഴ്ച്ചവെച്ചത്. മൂന്ന് ഏകദിനത്തിൽ നിന്നും ഒമ്പത് വിക്കറ്റും രണ്ട് ടി20 മത്സരങ്ങളിൽ നിന്നും നാല് വിക്കറ്റും താരം നേടിയിരുന്നു.

ബ്രോഡിനൊപ്പം ജെയിംസ് ആൻഡേഴ്സണും ലോർഡ്‌സ്‌ ടെസ്റ്റിൽ കളിക്കില്ല. ആദ്യം ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ആൻഡേഴ്സൻ അനിൽ കുംബ്ലെയെ പിന്നിലാക്കി ടെസ്റ്റിൽ ഏറ്റവും വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. 2016 ന് ഇതാദ്യമായാകും ബ്രോഡും ആൻഡേഴ്സണും ഇല്ലാതെ ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്.

( Picture Source : Twitter / ENGLAND CRICKET )

മറുഭാഗത്ത് ഇന്ത്യയും പരിക്കിന്റെ ഭീതിയിലാണ്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഷാർദുൽ താക്കൂർ രണ്ടാം മത്സരത്തിൽ കളിച്ചേക്കില്ല. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി നാല് വിക്കറ്റുകൾ താരം നേടിയിരുന്നു.

( Picture Source : Twitter / BCCI )

അഞ്ചാം ദിനം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കാലാശിച്ചിരുന്നു. രണ്ട് ഇന്നിങ്‌സിൽ നിന്നുമായി 9 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മറുഭാഗത്ത് ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി ഒറ്റയാൾ പോരാട്ടം പുറത്തെടുത്തത്.

( Picture Source : Twitter / BCCI )