Skip to content

ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ട്ടപ്പെട്ടതിന് പിന്നാലെ വമ്പൻ നാണക്കേടിന്റെ റെക്കോർഡ് കൂടി ഓസ്‌ട്രേലിയയ്ക്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 60 റണ്‍സിനാണ്  ഓസ്‌ട്രേലിയെ പരാജയപ്പെടുത്തിയത്. ഷാക്കിബ് അല്‍ ഹസന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയെ വീഴ്ത്താൻ ചുക്കാൻ പിടിച്ചത്. പരമ്പരയിൽ ഉടനീളം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഷാക്കിബ് തന്നെയാണു മാൻ ഓഫ് ദ സീരീസും. രാജ്യാന്തര ടി20യിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡും മത്സരത്തിനിടെ ഷാക്കിബ് സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് മാത്രമെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13.4 ഓവറില്‍ 62 റണ്‍സ് മാത്രമെടുത്ത് ഓള്‍ ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്ബര 4-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനായി സ്പിന്നർ മെഹ്ദി ഹസനായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ  ആതിഥേയരുടെ ആ തീരുമാനവും വിജയിച്ചില്ല. ഓപ്പണർ മുഹമ്മദ് നയിം (23), മെഹ്മദുല്ല (19), സൗമ്യ സർക്കാർ (16) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. ഷാക്കിബ് 11 റൺസെടുത്തു. 2 വിക്കറ്റു വീതം വീഴ്ത്തിയ പേസർ നാഥൻ എല്ലിസ്, ഡാൻ ക്രിസ്റ്റ്യൻ എന്നിവരാണു ഓസീസിനായി ബോളിങ്ങിൽ തിളങ്ങിയത്. 

എന്നാൽ മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ സ്പിൻ കെണിയിൽ ഓസീസ് ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ വീഴുന്നതാണു പിന്നീടു കണ്ടത്. ഓപ്പണർ മാത്യു വെയ്ഡ് (22), നാലാമനായി ഇറങ്ങിയ ബെൻ മക്ഡെർമോട്ട് (17) എന്നിവർ മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കണ്ടത്.  3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷെയ്ഫുദ്ദീൻ, 2 വിക്കറ്റെടുത്ത നസും അഹമ്മദ് എന്നിവരും ഷാക്കിബിനു പുറമേ ബംഗ്ലദേശിനായി ബോളിങ്ങിൽ തിളങ്ങി. 

അതേസമയം ബംഗ്ലദേശിനെതിരെ ആദ്യമായി ഒരു ടി20 പരമ്പര നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്കു മറ്റൊരു നാണക്കേടുകൂടി അവസാന മത്സരത്തിൽ വഴങ്ങേണ്ടി വന്നു. 5 മത്സര പരമ്പരയിലെ അവസാന കളിയിൽ ഓസീസ് വെറും 62 റൺസിന് ഓൾ ഔട്ടായി. രാജ്യാന്തര ട്വന്റി20യിൽ അവരുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2005ൽ സതാംപ്ടനിൽ ഇംഗ്ലണ്ടിനെതിരെ 79 റൺസിന് ഓൾഔട്ടായതായിരുന്നു ഇതിനു മുൻപു ടി20യിൽ ഓസീസിന്റെ ഏറ്റവും കുറഞ്ഞ സ്കോർ. 13.4 ഓവർ മാത്രമാണ് ഓസീസ് ഇന്നിങ്സ് നീണ്ടത്.