Skip to content

‘സർ, എന്തുകൊണ്ടാണ് നിങ്ങൾ ബുംറ തിരിച്ചുവരവ് നടത്തിയെന്ന് പറയുന്നതെന്ന് എനിക്കറിയില്ല’ – മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബുംറയുടെ ഫോമിന്റെ കാര്യത്തിൽ മറുപടിയുമായി കെഎൽ രാഹുൽ

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിനം കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ചായിരുന്നു മഴയെത്തിയത്.  രാവിലെ മുതൽ പെയ്ത ശക്തമായ മഴ ഉച്ചയ്ക്കു ശേഷവും ശമിക്കാഞ്ഞതോടെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിക്കാൻ ചായയ്ക്കു ശേഷം അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

ഒരു പന്തു പോലും എറിയാനാകാതെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതോടെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശയിലാഴ്ത്തി ആദ്യ ടെസ്റ്റ് സമനിലയിൽ. അവസാന ദിവസം 9 വിക്കറ്റ് കൈയിലിരിക്കെ 157 റൺസ് മാത്രമാണു മത്സരം ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്.

അതേസമയം ഇന്ത്യൻ നിരയിൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയത് കെഎൽ രാഹുലും ബൗളിങ്ങിൽ ജസ്പ്രിത് ബുംറയുമാണ്. രണ്ട് ഇന്നിംഗ്‌സിൽ നിന്നായി 9 വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആറാമത്തെ 5 വിക്കറ്റ് നേട്ടമായിരുന്നു ഇത്.

ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യുസിലാൻഡിനെതിരെ 2 ഇന്നിംഗ്‌സിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെയാണ് മടങ്ങിയത്. ഇതോടെ ബുംറയുടെ ഫോമിന്റെ കാര്യത്തിൽ ആരാധകരും ക്രിക്കറ്റ് മുൻ ക്രിക്കറ്റ് താരങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഫൈനലിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ 9 വിക്കറ്റ് വീഴ്ത്തി ഇതിന് മറുപടി നൽകിയിരിക്കുകയാണ് ബുംറ.

മത്സരത്തിനു ശേഷമുള്ള കോൺഫറൻസിൽ, ബുംറയുടെ ഫോമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് കെഎൽ രാഹുലിനോട് ചോദിക്കുകയുണ്ടായി. രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു :

https://twitter.com/BCCI/status/1424423080395374595?s=19

“ സർ, എന്തുകൊണ്ടാണ് നിങ്ങൾ ബുംറ തിരിച്ചുവരവ് നടത്തിയെന്ന് പറയുന്നതെന്ന് എനിക്കറിയില്ല.
ഓരോ തവണയും, എല്ലാ കളിയിലും, എല്ലാ അവസ്ഥയിലും അവൻ സ്വയം തെളിയിച്ചിട്ടുണ്ട്, ബുംറ ഞങ്ങളുടെ ഒന്നാം നമ്പർ ബൗളറാണ്. അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതു മുതൽ ആ ഫോം തുടരുകയാണ്. എവിടെ കളിച്ചാലും, അവൻ ഞങ്ങൾക്ക് ഒരു മാച്ച് വിന്നർ ആയിരുന്നു. ഒരിക്കൽ കൂടി മികച്ച പ്രകടനം പുറത്തെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ”