Skip to content

വില്ലനായി മഴ, അഞ്ചാം ദിനം ഉപേക്ഷിച്ചു, ആദ്യ ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. മഴമൂലം അഞ്ചാം ദിനം ഉപേക്ഷിച്ചതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. മഴമൂലം അഞ്ചാം ദിനം ഒരു പന്ത്‌ പോലും എറിയാൻ സാധിച്ചിരുന്നില്ല.

( Picture Source : Twitter / BCCI )

രണ്ടാം ഇന്നിങ്സിൽ 209 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 52 റൺസ് നേടിയിരുന്നു. 12 റൺസ് നേടിയ ചേതേശ്വർ പുജാരയും രോഹിത് ശർമ്മയുമാണ് ക്രീസിലുണ്ടായിരുന്നത്. 26 റൺസ് നേടിയ കെ എൽ രാഹുലിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 95 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസിന് എല്ലാവരും പുറത്തായിരുന്നു. 172 പന്തിൽ 109 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ടെസ്റ്റ് കരിയറിലെ 21 ആം സെഞ്ചുറിയാണ് ജോ റൂട്ട് മത്സരത്തിൽ നേടിയത്. ആദ്യ ഇന്നിങ്‌സിലും 64 റൺസ് നേടിയ ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 64 റൺസ് വഴങ്ങി 5 വിക്കറ്റും മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.

( Picture Source : Twitter / BCCI )

ആദ്യ ഇന്നിങ്‌സിൽ 84 റൺസ് നേടിയ കെ എൽ രാഹുലും 56 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 5 വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ നാല് വിക്കറ്റും നേടി. ഓഗസ്റ്റ് 12 ന് ലോർഡ്സിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter / BCCI )