Skip to content

ഓസ്ട്രേലിയയെ പരാജയപെടുത്തിയത് പോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്തും ; മൊഹമ്മദ് സിറാജ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിക്കുമെന്ന് ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ വിജയം ഇംഗ്ലണ്ടിലും ആവർത്തിക്കുമെന്നും സിറാജ് പറഞ്ഞു. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

( Picture Source : Twitter )

ഓസ്‌ട്രേലിയക്കെതിരായ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജായിരുന്നു പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയിരുന്നത്.

” ഓസ്‌ട്രേലിയക്കെതിരായ പരമ്പര എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. രഹാനെയുടെ കീഴിൽ കളിച്ച അനുഭവം അവിസ്മരണീയമായിരുന്നു. ആ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ ഇപ്പോഴും അഭിമാനം തോന്നാറുണ്ട്. ട്രോഫി കയ്യിലെടുത്ത് ടീമിനൊപ്പം ആഘോഷിച്ച ആ നിമിഷങ്ങളിലെ അനുഭവം മറ്റൊന്നായിരുന്നു. ” സിറാജ് പറഞ്ഞു.

( Picture Source : Twitter )

” ഓസ്‌ട്രേലിയയെ പരാജയപെടുത്തിയതുപോലെ ഇംഗ്ലണ്ടിനെയും പരാജയപെടുത്താൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് യാതൊരു ആകുലതകളുമില്ല. ഞാൻ മികച്ച ആത്മവിശ്വാസത്തിലാണ്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ പരാജയപെടുത്താൻ സാധിക്കും. വിരാട് കോഹ്ലിയ്ക്കൊപ്പം ഇംഗ്ലണ്ടിൽ വിജയട്രോഫി ഉയർത്താൻ എനിക്കാഗ്രഹമുണ്ട്. നമ്മുടെ ടീം കരുത്തരാണ്. ഈ വലിയ പരമ്പരയ്ക്കായി ഇന്ത്യൻ ടീം തയ്യാറാണ്. ” മൊഹമ്മദ് സിറാജ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇംഗ്ലണ്ടിനെതിരെ ഹോമിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ജോ റൂട്ടിന്റെ വിക്കറ്റ് സിറാജ് നേടിയിരുന്നു. ഇക്കുറിയും താൻ ജോ റൂട്ടിന്റെ വിക്കറ്റ് ലക്ഷ്യം വെയ്ക്കുന്നുവെന്നും മൊഹമ്മദ് സിറാജ് പറഞ്ഞു.

( Picture Source : Twitter )

” ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ. ഞാൻ അവന്റെ വിക്കറ്റാണ് ലക്ഷ്യം വെയ്ക്കുന്നത്. ഹോം സിരീസിൽ ജോ റൂട്ടിന്റെ വിക്കറ്റ് ഞാൻ നേടിയിരുന്നു. എന്റെ ലക്ഷ്യം ടീമിന് വേണ്ടി കഴിയാവുന്ന അത്രയും വിക്കറ്റ് നേടുകയെന്നതാണ്. ” സിറാജ് പറഞ്ഞു.

( Picture Source : Twitter )