Skip to content

ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യം ഇന്ത്യൻ ടീമിന് മുൻപിൽ ഉയർന്നത്. പലരും മായങ്ക് അഗർവാളിന്റെ പേര് നിർദ്ദേഴിച്ചപ്പോൾ രോഹിത് ശർമ്മയ്ക്ക് കൂട്ടായി കെ എൽ രാഹുലിന്റെ പേരാണ് ലക്ഷ്മൺ നിർദ്ദേശിച്ചത്. കെ എൽ രാഹുലിനെ ഓപ്പണറായി തിരഞ്ഞെടുക്കാനുള്ള കാരണവും ലക്ഷ്മൺ തുറന്നുപറഞ്ഞു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി 36 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയടക്കം 34.59 ശരാശരിയിൽ 2006 റൺസ് കെ എൽ രാഹുൽ നേടിയിട്ടുണ്ട്‌. 2019 ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു കെ എൽ രാഹുൽ തൻ്റെ അവസാന ടെസ്റ്റ് കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലടക്കം ടീമിൽ ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ കെ എൽ രാഹുലിന് അവസരം ലഭിച്ചില്ല. എന്നാൽ പരമ്പരയ്ക്ക് മുൻപായി നടന്ന പരിശീലന മത്സരത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം കെ എൽ രാഹുൽ കാഴ്ച്ചവെച്ചിരുന്നു.

( Picture Source : Twitter )

” കെ എൽ രാഹുൽ ഓപ്പൺ ചെയ്യമെന്നതാണ് എന്റെ ആഗ്രഹം, കാരണം അവനൊരു ക്ലാസ് ബാറ്റ്സ്മാനാണ്. വിദേശപരമ്പരകളിലടക്കം സെഞ്ചുറി നേടി അവനത് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൽ അവനെക്കാൾ മികച്ചൊരു ഓപ്‌ഷൻ വേറെയില്ല. മായങ്ക് അഗർവാൾ ഒരു ഓപ്ഷനാണ് എന്നാൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യാൻ ഞാൻ പിന്തുണയ്ക്കുന്നത് കെ എൽ രാഹുലിനെയാണ്. ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.

( Picture Source : Twitter )

” എന്നാൽ പരിശീലന മത്സരത്തിൽ രണ്ട് ഇന്നിങ്സിലും അവൻ മധ്യനിരയിൽ ബാറ്റ് ചെയ്തത് എന്നെ അത്ഭുതപെടുത്തി. സെലക്ടർമാർ അവനെ മധ്യനിര ബാറ്റ്സ്മാനായാണോ പരിഗണിക്കാൻ പോകുന്നത്. അതെനിക്ക് അറിയില്ല. ” അദ്ദേഹം പറഞ്ഞു.

( Picture Source : Twitter )

” അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരുടെയും സ്ഥാനം സുരക്ഷിതമല്ല. ഒരു ബാറ്റ്സ്മാനെന്ന നിലയിൽ ലഭിക്കുന്ന അവസരങ്ങളിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള വഴി നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജെയിംസ് ആൻഡേഴ്സണെയും സ്റ്റുവർട്ട് ബ്രോഡിനെയും മറ്റു ബൗളർമാരെയും നേരിടാനുള്ള തന്ത്രം മായങ്ക് അഗർവാൾ കണ്ടെത്തണം. അതൊരു വെല്ലുവിളി തന്നെയാണ്. ” വി വി എസ് ലക്ഷ്മൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter )