Skip to content

സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

പുതുതലമുറയിലെ ബാറ്റ്‌സ്മാന്മാർ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഐ പി എൽ അടക്കമുള്ള ലീഗുകൾ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാൻ പഠിപ്പിച്ചുവെന്നും ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ തനിക്കെതിരെ നേടിയ തകർപ്പൻ ഷോട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ആൻഡേഴ്സൺ ഇക്കാര്യം പറഞ്ഞത്.

( Picture Source : Twitter )

കഴിഞ്ഞ പരമ്പരയിൽ 6 ഇന്നിങ്‌സിൽ നിന്നും 54.00 ശരാശരിയിൽ 270 റൺസ് നേടി മികച്ച പ്രകടനം റിഷഭ് പന്ത്‌ കാഴ്ച്ചവെച്ചിരുന്നു. ജെയിംസ് ആൻഡേഴ്സനെതിരെ നേടിയ അവിശ്വസനീയ റിവേഴ്‌സ് സ്വീപ്പ് പരമ്പരയിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നായിരുന്നു. അഹമ്മദാബാദിൽ നടന്ന അവസാന ടെസ്റ്റിലാണ് ഈ തകർപ്പൻ ഷോട്ട് റിഷഭ് പന്ത്‌ നേടിയിരുന്നത്.

( Picture Source : Twitter )

” റിഷഭ് പന്തിനെ നോക്കൂ, കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ന്യൂ ബോളിൽ എനിക്കെതിരെ അവൻ റിവേഴ്സ് സ്വീപ്പ്‌ ചെയ്ത് ബൗണ്ടറി നേടിയിരുന്നു. സൗരവ് ഗാംഗുലി ഒരിക്കലും അത് ചെയ്യില്ല, അതുകൊണ്ട് തന്നെ ഈ നിമിഷങ്ങൾ ആവേശകരമാണ്. ഇത്തരത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ പോലും ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന പുതുതലമുറയിലെ ബാറ്റ്സ്മാന്മാർ ബൗളർമാർക്ക് വ്യത്യസ്തമായ വെല്ലുവിളിയാണ്. ” ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു.

( Picture Source : Twitter )

” വീട്ടിലിരുന്ന് മത്സരം കാണുന്നവർക്ക് ഇത് ആവേശകരമായിരിക്കും. ഐ പി എൽ തലമുറയിലെ കളിക്കാർ വളരെ വ്യത്യസ്തരാണ്. അവർ ഭയമില്ലാതെ മത്സരത്തെ സമീപിക്കുന്നു, ഏതൊരു ഫോർമാറ്റിലായാലും ഏത് തരത്തിലുള്ള ഷോട്ടിന് മുതിരാനും അവർ തയ്യാറാണ്.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം പതിപ്പിലെ ആദ്യ പരമ്പര കൂടിയാണിത്. 2018 ൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 4-1 ന് പരാജയപെട്ടിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ വിജയഗാഥ ഈ പര്യടനത്തിലും തുടരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

( Picture Source : Twitter )