Skip to content

ഒരു കോഹ്ലി നിങ്ങൾക്കുണ്ട് അവൻ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി എല്ലാം നൽകും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ദിനേശ് കാർത്തിക്കുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലി മനസ്സുതുറന്നത്. കളിക്കുന്ന കാലത്തോളം ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും താൻ മുൻഗണന നൽകുകയെന്നും അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” മൂന്ന് വർഷങ്ങൾക്ക് മുൻപും ടെസ്റ്റ് ക്രിക്കറ്റ് ഭീഷണി നേരിട്ടിരുന്നു. എന്നാൽ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിനെ ജീവനോടെ നിലനിർത്തുന്നത് കളിക്കാരാണ്. ടെസ്റ്റ് ക്രിക്കറ്റിനോട് അതിയായ പാഷൻ ഉണ്ടായിട്ടും നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തയ്യാറല്ലയെങ്കിൽ അത് ലോകത്തെമ്പാടും ഈ ഫോർമാറ്റിന് കനത്ത തിരിച്ചടിയാകും. ” കോഹ്ലി പറഞ്ഞു.

” ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോസിറ്റീവായ നീക്കമായിരുന്നു. അത് ശരിയായ മാറ്റങ്ങളിലേക്കുള്ള ചുവടുവെപ്പാണ്. കളിക്കാർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അതായിരിക്കും ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുക. മത്സരം ടെലിവിഷനിൽ കാണുന്ന ഓരോ ആരാധകനും ഒരു പന്ത്‌ പോലും മിസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലയെങ്കിൽ അതായിരിക്കും ടെസ്റ്റ് ക്രിക്കറ്റിനെ ജീവനോടെ നിലനിർത്തുക. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ലോക ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റിനെ നിലനിർത്താൻ ഇനിയും വിരാട് കോഹ്ലിമാരെ നമുക്ക് ആവശ്യമുണ്ട്, അതൊരു ശരിയായ പ്രസ്താവനയാണോ ? ദിനേശ് കാർത്തിക് ചോദിച്ച ഈ ചോദ്യത്തിന് കോഹ്ലിയുടെ മറുപടി ഇപ്രകാരമായിരുന്നു.

” അത് ബുദ്ധിമുട്ടേറിയ ചോദ്യമാണ്, നിങ്ങൾക്കിപ്പോൾ ഒരു വിരാട് കോഹ്ലിയുണ്ട്, അവൻ കളിക്കുന്ന കാലത്തോളം ടെസ്റ്റ് ക്രിക്കറ്റിന് വീണ്ടും എല്ലാം നൽകാൻ തയ്യാറാണ്, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, എന്നാൽ എന്നെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ഫോർമാറ്റ് ടെസ്റ്റ് ക്രിക്കറ്റാണ്. ” മറുപടിയായി കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ 92 മത്സരങ്ങളിൽ നിന്നും 52.05 ശരാശരിയിൽ 27 സെഞ്ചുറിയും 25 ഫിഫ്റ്റിയുമടക്കം 7547 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്‌. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

( Picture Source : Twitter )