Skip to content

പിച്ചിനെ കുറിച്ച് പരാതി പറയാൻ ഇന്ത്യയ്ക്കാകില്ല, അവരും ചെയ്തത് ഇതുതന്നെ ; ജെയിംസ് ആൻഡേഴ്സൻ

ടെസ്റ്റ് പരമ്പരയിൽ പേസർമാർക്ക് അനുകൂലമായ പിച്ചൊരുക്കിയാൽ ഇന്ത്യയ്ക്ക് പരാതി പറയാനാകില്ലയെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റിൽ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷമാണ് ഇന്ത്യ ജോ റൂട്ടിനെയും കൂട്ടരെയും നേരിടാനെത്തുന്നത്. കളിക്കാർക്കും ടീമുകളുടെ പ്രകടനത്തിനുമൊപ്പം ഈ പരമ്പരയിലെ പിച്ചുകളും ശ്രദ്ധാകേന്ദ്രമായിരിക്കും.

( Picture Source : Twitter )

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചുകളാണ് ഇന്ത്യ ഒരുക്കിയിരുന്നത്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ദയനീയമായി ബുദ്ധിമുട്ടിയ പിച്ചിനെതിരെ മുൻ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇക്കുറി ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോൾ ഇംഗ്ലണ്ട് പകരം വീട്ടുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അക്കാര്യത്തിൽ ഇപ്പോൾ സൂചന നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ.

( Picture Source : Twitter )

” പിച്ചിൽ അൽപ്പം ഗ്രാസ് ബാക്കിവെച്ചാൽ ഇന്ത്യ പരാതി പറയുമെന്ന് ഞാൻ കരുതുന്നില്ല. കാരണം കഴിഞ്ഞ തവണ ഇന്ത്യയിൽ ഞങ്ങളത് നേരിട്ടതാണ്, ഹോമിലെ ആനുകൂല്യം അവരും വിജയത്തിനായി വിനിയോഗിച്ചിരുന്നു. ലോകത്തുള്ള എല്ലാ ടീമുകളും അത് ചെയ്യുന്നുമുണ്ട്. ” ആൻഡേഴ്സൻ പറഞ്ഞു.

( Picture Source : Twitter )

” പിച്ചിൽ ഗ്രാസ് ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് മികച്ച പേസ് അറ്റാക്കിങ് നിരയുണ്ട്. ഇപ്പോൾ പിച്ചിനെ വിലയിരുത്തുകയെന്നത് പ്രയാസമാണ്. അവർ ഇനിയും ഗ്രാസ് വെട്ടിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്. മികച്ച പേസ് നൽകുന്ന പിച്ചാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ജെയിംസ് ആൻഡേഴ്സൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ലെ ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയിൽ കൂടുതൽ മത്സരങ്ങൾ വിജയിച്ച് മികച്ച തുടക്കം നേടിയെടുക്കാനായിരിക്കും ടീമുകൾ എത്തുക. ന്യൂസിലാൻഡിനോട് പരാജയപെട്ടാണ് ഇരുടീമുകളും പരമ്പരയിലെത്തുന്നത്. ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ടപ്പോൾ ഇംഗ്ലണ്ട് 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കിവികളോട് പരാജയപെട്ടിരുന്നു.

( Picture Source : Twitter )