Skip to content

ഇത് ചരിത്രവിജയം! സൗത്ത് ആഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി അയര്‍ലന്‍ഡ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍  43 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കി അയര്‍ലന്‍ഡ്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക അയർലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബറിന്റെ സെഞ്ചുറി ബലത്തിൽ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയർലൻഡ് 290 റണ്‍സെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് പുറത്താവുകയായിരുന്നു.

291 വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍ ജാനെമാന്‍ മലനും(84), റാസി വാന്‍ഡര്‍ ദസ്സനും(49) മാത്രമെ ബാറ്റിം​ഗില്‍ തിളങ്ങിയുള്ളു. എയ്ഡന്‍ മാര്‍ക്രം(5), ക്യാപ്റ്റന്‍ ടെംബാ ബാവുമ(10), വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈനെ(13), ഡേവിഡ് മില്ലര്‍(24), ഫെലുക്കുവായോ(2) എന്നിവരെല്ലാം നിരാശപ്പെടുത്തി.

അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയറും, ജോഷ്വാ ലിറ്റിലും ആന്‍ഡി മക്ബ്രെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനായി നായകൻ ആന്‍ഡി ബാല്‍ബിറിന്‍ സെഞ്ചുറി(117 പന്തില്‍ 102) സെഞ്ചുറി നേടിയപ്പോള്‍ ഹാരി ടെക്ടര്‍(79), ഡോക്റെല്‍(23 പന്തില്‍ 45), ആന്‍ഡി മക്ബ്രൈന്‍(30), പോള്‍ സ്റ്റെര്‍‌ലിംഗ്(27) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. സൗത്ത് ആഫ്രിക്കയ്ക്കായി ഫെലുക്കുവായോ രണ്ട് വിക്കറ്റെടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള അയർലൻഡിന്റെ ആദ്യ ജയമാണിത്.
2011 ഏകദിന ലോകക്കപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെ ആദ്യമായി പരാജയപ്പെടുത്തി അയർലൻഡ്‌ അന്ന് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. 2015ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചും അയര്‍ലന്‍ഡ് കരുത്തുകാട്ടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ വീണ്ടും ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് ജയിച്ചിരുന്നു.

https://youtu.be/yopaEKhvUvU

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ അയര്‍ലന്‍ഡ് 1-0ന് മുന്നിലെത്തി. അവസാന മത്സരം വെള്ളിയാഴ്ചയാണ്. ഏകദിന പരമ്പരയ്ക്ക് പിന്നാലെ 3 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയും നടക്കാനുണ്ട്.