Skip to content

ഇംഗ്ലണ്ട്‌ താരത്തെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി സ്‌മൃതി മന്ദാന ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ച് സ്‌മൃതി മന്ദാന. ഇംഗ്ലണ്ട് താരം നറ്റാലി സ്കിവറെയാണ് മന്ദാന തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിൽ 6 വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter )

മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം 46.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. 86 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ മിതാലി രാജ്, 57 പന്തിൽ 49 റൺസ് നേടിയ സ്‌മൃതി മന്ദാന, 22 പന്തിൽ 24 റൺസ് നേടിയ സ്നേ റാണ എന്നിവരുടെ മികവിലാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )

മത്സരത്തിലെ 38 ആം ഓവറിലാണ് മന്ദാനയുടെ തകർപ്പൻ ക്യാച്ച് പിറന്നത്. 58 പന്തിൽ 49 റൺസ് നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന നറ്റാലി സ്കിവർ ദീപ്തി ശർമ്മ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത്‌ ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തി അടിക്കുകയും ഡീപ് സ്ക്വയർ ലെഗ് ബൗണ്ടറിയിലുണ്ടായിരുന്ന മന്ദാന ഇടതുവശത്തേക്ക് ഓടിയെത്തി ഡൈവിലൂടെ ഒറ്റക്കയ്യാൽ പന്ത്‌ കൈപിടിയിലൊതുക്കുകയായിരുന്നു.

വീഡിയോ ;

https://twitter.com/im_akash196/status/1411327984284278785?s=19

ക്യാപ്റ്റൻ മിതാലി രാജിന്റെ ചിറകിലേറിയാണ് മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വുമൺ ക്രിക്കറ്ററെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സിനെയാണ് ഈ നേട്ടത്തിൽ മിതാലി രാജ് പുറകിലാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,337 റൺസ് മിതാലി രാജ് നേടിയിട്ടുണ്ട്‌. മറുഭാഗത്ത് എഡ്വാർഡ്സ്‌ 10,273 അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്‌.

( Picture Source : Twitter )