Skip to content

മെൻസ്‌ ക്രിക്കറ്റിൽ സച്ചിൻ, വനിതാ ക്രിക്കറ്റിൽ ഇനി മിതാലി രാജ് ; ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം മിതാലി രാജ് സ്വന്തമാക്കിയത്. ഇതോടെ മെൻസ്‌ ക്രിക്കറ്റിലും വുമൺസ്‌ ക്രിക്കറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് സ്വന്തമായി.

( Picture Source : Twitter / ICC )

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 86 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ മിതാലി രാജിന്റെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം 46.3 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്. മിതാലി രാജിന് പുറമെ 57 പന്തിൽ 49 റൺസ് നേടിയ സ്‌മൃതി മന്ദാനയും മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : Twitter / ICC )

മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വുമൺ ബാറ്ററെന്ന ചരിത്രനേട്ടം മിതാലി രാജ് സ്വന്തമാക്കി. 309 മത്സരങ്ങളിൽ നിന്നും 10,273 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് താരം ഷാർലറ്റ് എഡ്വേർഡ്സിനെയാണ് മിതാലി രാജ് പിന്നിലാക്കിയത്. മറുഭാഗത്ത് 317 മത്സരങ്ങളിൽ നിന്നാണ് ഷാർലറ്റ് എഡ്വേർഡ്സിനെ മിതാലി രാജ് പിന്നിലാക്കിയത്.

( Picture Source : Twitter )

ഇന്ത്യയ്ക്ക് 217 ഏകദിന മത്സരങ്ങളിൽ നിന്നും 52.80 ശരാശരിയിൽ 7304 റൺസും 89 ടി20 മത്സരങ്ങളിൽ നിന്നും 37.52 ശരാശരിയിൽ 2364 റൺസും 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 669 റൺസും മിതാലി രാജ് നേടിയിട്ടുണ്ട്‌. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന നേട്ടവും മിതാലി രാജിന്റെ പേരിലാണ്. 1999 ൽ ജൂൺ 26 നാണ് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 22 വർഷം പിന്നിടുന്ന ഒരേയൊരു താരം കൂടിയാണ് മിതാലി രാജ്.

( Picture Source : Twitter / ICC )