Skip to content

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി പുതിയ ടീമിനെ പ്രഖ്യാപിക്കും

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ഏകദിന ടീമിലെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം ECB അറിയിച്ചത്. മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിലെ മറ്റു താരങ്ങളും ഇവർക്കൊപ്പം അടുത്ത് ഇടപഴകിയതിനാൽ ടീമിലെ എല്ലാ താരങ്ങളും ഗവൺമെന്റ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റീനിൽ പ്രവേശിക്കും.

( Picture Source : Twitter / ECB )

എന്നാൽ പ്രതിസന്ധികൾക്കിടയിലും പാകിസ്ഥാനെതിരായ ഏകദിന പരമ്പര നടക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതിനായി പുതിയ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഓൾറൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും പുതിയ ടീമിനെ നയിക്കുക.

( Picture Source : Twitter / ECB )

” പുതിയ ടീമിനെ കണ്ടെത്താൻ ഒറ്റരാത്രികൊണ്ട് ഞങ്ങൾ അതിവേഗം പ്രവർത്തിച്ചു. ക്യാപ്റ്റനായി ടീമിലേക്ക് തിരിച്ചുവരുന്ന ബെൻ സ്റ്റോക്സിനോട് നന്ദിയുണ്ട്. ഞങ്ങളുടെ ഈ തീരുമാനം ഫസ്റ്റ് ക്ലാസ് കൗണ്ടി ടീമുകളെ എത്രത്തോളം ബാധിക്കുമെന്ന് ഞങ്ങൾക്കറിയാം. അവർക്കൊപ്പം ഞങ്ങളുടെ പാർട്ണർമാരായ സ്കൈ ചാനലിനും റോയൽ ലണ്ടനിനും ഈ പ്രതിസന്ധിഘട്ടത്തിൽ പിന്തുണ നൽകിയതിന് നന്ദി പറയുന്നു. ” ഔദ്യോഗിക പ്രസ്താവനയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

ജൂലൈ എട്ടിനാണ് പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. നേരത്തെ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പര 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. പാകിസ്ഥാനെതിരായ പരമ്പരയിൽ ഫുൾ കപ്പാസിറ്റിയിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ആ തീരുമാനത്തിൽ നിന്നും ബോർഡ് പിന്മാറിയേക്കും.

( Picture Source : Twitter )