Skip to content

ടി20 ലോകകപ്പിൽ കളിച്ചേക്കില്ലെന്ന സൂചന നൽകി സ്റ്റീവ് സ്മിത്ത്, കാരണമിതാണ്

യു എ ഇ യിൽ നടക്കുന്ന ടി20 ലോകകപ്പിലും ഐ പി എല്ലിലും കളിച്ചേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. താൻ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ആഷസ് പരമ്പരയ്ക്ക് മുൻപ് പൂർണ്ണമായും ഫിറ്റ്നസ് കണ്ടെത്തുന്നതിനായി ടി20 ലോകകപ്പിൽ നിന്നും താൻ പിന്മാറിയേക്കുമെന്നും സ്മിത്ത് പറഞ്ഞു.

( Picture Source : Twitter )

കൈമുട്ടിനേറ്റ പരിക്ക് മൂലം ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് പര്യടനങ്ങളിൽ നിന്നും സ്റ്റീവ് സ്മിത്ത് പിന്മാറിയിരുന്നു. ഇന്ത്യയിൽ നടത്തേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്‌. ഡിസംബറിലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്.

” ടി20 ലോകകപ്പിനായി ഇനിയുമേറെ സമയമുണ്ട്. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല, എന്നാൽ മന്ദഗതിയിലാണ് ഭേദപെടുന്നത്. ലോകകപ്പിന്റെ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ എന്റെ കാഴ്ച്ചപാടിൽ ടെസ്റ്റ് ക്രിക്കറ്റാണ് എന്റെ പ്രധാന ലക്ഷ്യം. ആഷസിനായി ഞാൻ തയ്യാറെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരകളിൽ ചെയ്തതെന്തോ അതെനിക്ക് തുടരേണ്ടതുണ്ട്. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.

( Picture Source : Twitter )

ആഷസ് 2019 ൽ 774 റൺസും 2017 ൽ 687 റൺസും നേടിയ സ്റ്റീവ് സ്മിത്തായിരുന്നു ഇരു പരമ്പരകളിലെയും ടോപ്പ് സ്‌കോറർ.

” കഴിഞ്ഞ പരമ്പരകളിലെ അത്രയും സ്വാധീനം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ലോകകപ്പിൽ പങ്കെടുക്കുരുത് എന്നാണെങ്കിൽ ഞാൻ തീർച്ചയായും ആ വഴി തന്നെ തിരഞ്ഞെടുക്കും. എന്നാൽ അത് സംഭവിക്കില്ലയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഓസ്‌ട്രേലിയക്ക് വേണ്ടി 77 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 61.8 ശരാശരിയിൽ 27 സെഞ്ചുറിയും 31 ഫിഫ്റ്റിയുമടക്കം 7540 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )