Skip to content

ശ്രീലങ്കൻ ടീമിനെ അപമാനിക്കാൻ ശ്രമിക്കുകയാണോ?! ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ ശ്രീലങ്കൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് ഇന്ത്യൻ ടീമുകൾ ഒരേ സമയം രണ്ട് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്നത്. ജൂണിൽ ന്യുസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനായി ഇംഗ്ലണ്ടിലേക്ക് പറന്ന കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം, ഓഗസ്റ്റിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് വരെ അവിടെ തുടരും.

ഈ സാഹചര്യത്തിലാണ് ഇന്ത്യ രണ്ടാം ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്. ദ്രാവിഡ് പരിശീലകനായുള്ള 20 അംഗ ടീമിനെയാണ് അയച്ചത്. ടി20, ഏകദിന സീരീസിനായി ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ്  നയിക്കുക.

എന്നാൽ ശ്രീലങ്കയിൽ പര്യടനത്തിനെത്തിയ ടീം രണ്ടാം നിരയാണെന്നും  ഇത് ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും മുൻ ശ്രീലങ്കൻ താരം രണതുംഗ ആരോപിച്ചിരിക്കുകയാണ്.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഒന്നാം നിര ടീമിനെ ഇംഗ്ലണ്ട് പര്യടനത്തിന് അയച്ച ഇന്ത്യ, രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കൻ പര്യടനത്തിന് അയച്ചതെന്നായിരുന്നു രണതുംഗയുടെ വിമർശനം.

മാർക്കറ്റിങ് ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാമെന്ന് സമ്മതിച്ചതിന് ബോർഡിനെയും രണതുംഗ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
“ഇവിടെ പര്യടനത്തിന് വന്നിരിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിര ടീമാണ്. ഇത് ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേടാണ്. ടെലവിഷൻ മാർക്കറ്റിങ് ആവശ്യങ്ങൾ മാത്രം മുൻനിർത്തി ഈ ടീമിനെതിരെ കളിക്കാൻ സമ്മതിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയാണ് കുറ്റപ്പെടുത്തേണ്ടത്’ – രണതുംഗ പറഞ്ഞു.

സെക്ടർമാർ തിരഞ്ഞെടുത്ത 20 അംഗ ടീമിൽ ആറു പേർ പുതുമുഖങ്ങളാണ്. മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാൽ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ. ഈ മാസം 13ന് ആരംഭിക്കുന്ന പര്യടനത്തിൽ 3 ഏകദിനവും 3 ടി20 മത്സരങ്ങളുമാണുള്ളത്.