Skip to content

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കി മിതാലി രാജ്

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ്‌ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 22 വർഷം പിന്നിടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടമാണ് മിതാലി രാജ് സ്വന്തമാക്കിയത്.

1999 ജൂൺ 26 ന് അയർലൻഡിനെതിരെയാണ് മിതാലി രാജ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് ഏകദിന കരിയറിൽ 22 വർഷം പിന്നിട്ടിരിക്കുകയാണ് മിതാലി രാജ്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇതിനുമുൻപ് ഏകദിന ക്രിക്കറ്റിൽ 22 വർഷം പിന്നിട്ടിട്ടുള്ളത്.

( Picture Source : Twitter )

1989 ഡിസംബർ 18 ന് പാകിസ്ഥാനെതിരെയായിരുന്നു സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 22 വർഷവും 90 ദിവസവും നീണ്ടുനിന്ന സച്ചിന്റെ ഏകദിന കരിയർ 2012 മാർച്ച് 18 നാണ് അവസാനിച്ചത്. പാകിസ്ഥാനെതിരെ തന്നെയായിരുന്നു സച്ചിന്റെ അവസാന ഏകദിന മത്സരവും.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിൽ 214 മത്സരങ്ങളിൽ നിന്നായി 51.06 ശരാശരിയിൽ 7 സെഞ്ചുറിയും 55 ഫിഫ്റ്റിയുമടക്കം 7098 റൺസ് മിതാലി രാജ് നേടിയിട്ടുണ്ട്‌. വുമൺസ്‌ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ കൂടിയാണ് മിതാലി രാജ്. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 669 റൺസും 89 ടി20 മത്സരങ്ങളിൽ നിന്നും 2364 റൺസും മിതാലി രാജ് നേടിയിട്ടുണ്ട്‌.

( Picture Source : Twitter )

വുമൺസ്‌ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടത്തിനൊപ്പം ഏറ്റവും ഏകദിന മത്സരങ്ങൾ (214), ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി (62), ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും മിതാലി രാജിന്റെ പേരിലാണ്.

( Picture Source : Twitter )