Skip to content

പൂജാരയുടെ സ്ഥാനത്ത് കോഹ്ലി, നാലാമനായി ആ താരങ്ങളെ പരിഗണിക്കും ; ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ന്യുസിലൻഡിനെതിരായ   പരാജയത്തിന് പിന്നാലെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു
” ഒരു ടീമെന്ന നിലയിൽ എവിടെയാണ് തെറ്റുകൾ പറ്റിയതെന്നും എവിടെയാണ് തിരുത്തേണ്ടതെന്ന് മനസ്സിലാക്കി ശരിയായ ദിശയിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ആ തീരുമാനങ്ങൾ തീർച്ചയായും ഞങ്ങളെടുക്കും ഭാവിയിൽ അതിനെ പറ്റി കൂടുതൽ ചർച്ചകളുണ്ടാകും. ഭയമില്ലാതെ കളിക്കുന്ന ടീമിനെ വാർത്തെടുക്കണം. ശരിയായ മൈൻഡ്സെറ്റുള്ള ശരിയായ കളിക്കാരെ ടീമിലെടുക്കണം.” മത്സരശേഷം കോഹ്ലി പറഞ്ഞത്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കോഹ്‌ലിയും കൂട്ടരും. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ പ്രാധാന്യമേറിയ സീരീസാണ്. 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റിൽ തുടങ്ങും. അതിനാൽ തന്നെ ആ സീരീസിൽ പുതിയ മാറ്റങ്ങളുമായി ഇറങ്ങാനാകും ഇന്ത്യയുടെ പദ്ധതി.

റിപ്പോർട്ട് അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ നാലാമനായി ഇറങ്ങുന്ന കോഹ്ലി ഇംഗ്ലണ്ട് സീരീസ് മുതൽ പുജാരയുടെ സ്ഥാനത്ത് ഇറങ്ങിയേക്കുമെന്നാണ്. കഴിഞ്ഞ ദിവസം അമിത പ്രതിരോധത്തിൽ കളിക്കുന്നതിനെതിരെ കോഹ്ലി വിമർശന രീതിയിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചേതേശ്വർ പുജാര മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 18 മത്സരങ്ങളിൽ നിന്നും 28.03 ശരാശരിയിൽ 841 റൺസ് നേടാൻ മാത്രമാണ് പുജാരയ്ക്ക് സാധിച്ചത്.

9 ഫിഫ്റ്റി നേടിയ പുജാരയ്ക്ക് ടൂർണമെന്റിൽ മൂന്നക്കം കടക്കാൻ സാധിച്ചതുമില്ല. 2019 ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് പുജാര അവസാനമായി സെഞ്ചുറി നേടിയത്.
അതേസമയം നാലാമനായി കെ എൽ രാഹുലിനെയോ വിഹാരിയെയോ ഇന്ത്യ പരിഗണിക്കും.

ഫൈനൽ മത്സരത്തിൽ അവസരം ലഭിക്കാത്ത മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ട് സീരീസിൽ മുഴുവൻ മത്സരങ്ങളിലും ഉൾപ്പെടുത്തുന്നതിനെ കുറിച്ചും  മാനേജ്‌മെന്റ് ചർച്ച ചെയ്യുകയാണ്. ഫൈനൽ മത്സരത്തിൽ സിറാജിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഒപ്പം ശർദുൽ താക്കുറിനെ ഓൾ റൗണ്ടറായി കളിപ്പിക്കാനും പദ്ധതിയുണ്ട്.