Skip to content

പ്രശ്നം ക്യാപ്റ്റൻസിയല്ല, ഇന്ത്യയ്ക്ക് ഐസിസി ടൂർണമെന്റുകൾ വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

കഴിഞ്ഞ കാലയളവിൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കാത്തതിന് പിന്നിലെ കാരണം ക്യാപ്റ്റൻസിയല്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി, അതിനുശേഷം നടന്ന 6 ഐസിസി ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല, അവസാനമായി നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപെട്ടിരുന്നു.

( Picture Sources : Twitter )

2013 ചാമ്പ്യൻസ്‌ ട്രോഫിയ്ക്ക് ശേഷം 2014 ൽ നടന്ന ടി20 ലോകകപ്പ്, 2017 ൽ നടന്ന ചാമ്പ്യൻസ്‌ ട്രോഫി, ഈ വർഷം നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ മൂന്ന് ടൂർണമെന്റിൽ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചുവെങ്കിലും മൂന്നിലും ഇന്ത്യ പരാജയപെട്ടിരുന്നു. കഴിഞ്ഞ 6 ഐസിസി ടൂർണമെന്റിൽ ആദ്യ മൂന്നിലും ഇന്ത്യയെ നയിച്ചത് എം എസ് ധോണിയും അവസാന മൂന്നിൽ ഇന്ത്യയെ നയിച്ചത് കോഹ്ലിയുമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ചാമ്പ്യന്മാരാകാൻ സാധിക്കാത്തതിന് കാരണം കോഹ്ലിയുടെ ക്യാപ്റ്റൻസിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ആകാശ് ചോപ്ര ഇതിനുപിന്നിലെ യഥാർത്ഥ കാരണവും വിവരിച്ചു.

( Picture Sources : Twitter )

” 2013 ന് ശേഷം മൂന്ന് ഐസിസി ടൂർണമെന്റുകൾ നമ്മൾ കളിച്ചു, മൂന്നെണ്ണം ധോണിയുടെ ക്യാപ്റ്റൻസിയിലും അവസാന മൂന്നെണ്ണം കോഹ്ലിയുടെ ക്യാപ്റ്റൻസിയിലും. അതുകൊണ്ട് പ്രശ്നം ക്യാപ്റ്റൻസിയുടേതാണോ, എനിക്ക് തോന്നുന്നില്ല. ക്യാപ്റ്റനെ നോക്കാതെ ടീമിന്റെ കഴിവുകളിലേക്ക് നോക്കൂ, ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Sources : Twitter )

” ബാറ്റിങിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, എം എസ് ധോണിയുടെ ഇവരാണ് ഇന്ത്യയുടെ പ്രധാന താരങ്ങൾ, നോകൗട്ടിൽ രോഹിത് ശർമ്മയുടെ ബാറ്റിങ് ശരാശരി 24.9 ആണ്, ടെസ്റ്റിൽ അവന്റെ ശരാശരി 46 ഉം, ഏകദിനത്തിൽ 49 ഉം, ടി20യിൽ അത് 32 മാണ്, അതുകൊണ്ട് നോകൗട്ടിലെ അവന്റെ ആവറേജ് കരിയർ ആവറേജിനേക്കാൾ കുറവാണ് ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Sources : Twitter )

” കോഹ്ലിയുടെ കാര്യവും ഇതുപോലെയാണ്, നോകൗട്ടിൽ അവന്റെ ബാറ്റിങ് ആവറേജ് 38.3, കരിയറിൽ മൂന്ന് ഫോർമാറ്റിലും അവന്റെ ആവറേജ് 50 ന് മുകളിലാണ് ഏകദിനത്തിൽ അത് അറുപതിനടുത്തും, നോകൗട്ടിൽ അവന്റെ ശരാശരിയിൽ 20 പോയിന്റിന്റെ കുറവുണ്ടാകുന്നു. ധോണിയുടെ നോകൗട്ട് ആവറേജ് 34 ആണ്, കരിയറിൽ ധോണിയുടെ ആവറേജ് വളരെ മുകളിലാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Sources : Twitter )

” ഇതാണ് യഥാർത്ഥ കാരണം. നോകൗട്ടിൽ നിങ്ങളുടെ പ്രധാന താരങ്ങൾ മികവിനൊത്ത് ഉയരേണ്ടതുണ്ട്. ഏറ്റവും ലളിതമായ കാര്യമാണിത്. ഇന്ത്യയുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Sources : Twitter )