Skip to content

ഒരു ബാറ്റ്‌സ്മാനായി മാത്രം ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കില്ല, മുൻ ടീം സെലക്ടർ സരൻഡീപ് സിങ്

ഒരു ഓൾ റൗണ്ടറെന്ന നിലയിൽ മാത്രമേ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ സാധിക്കൂവെന്ന് മുൻ ഇന്ത്യൻ സെലക്ടർ സരൻഡീപ് സിങ്. ടെസ്റ്റ് ടീമിൽ നിന്നും ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയ തീരുമാനം ശരിയാണെന്നും സർജറിയ്ക്ക് ശേഷം സ്ഥിരമായി പന്തെറിയാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുന്നില്ലയെന്നും പറഞ്ഞു.

( Picture Source : Twitter )

” ടെസ്റ്റ് ടീമിൽ നിന്നും ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയ തീരുമാനം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. സർജറിയ്ക്ക് ശേഷം സ്ഥിരമായി പന്തെറിയാൻ അവന് സാധിക്കുന്നില്ല. ഏകദിനത്തിൽ പത്തോവറും ടി20യിൽ നാലോവറും എറിയാൻ സാധിക്കുമെങ്കിൽ മാത്രമേ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പോലും അവന് പ്ലേയിങ് ഇലവനിൽ സ്ഥാനമർഹിക്കുന്നുള്ളൂ. ഒരു ബാറ്റ്‌സ്മാനായി മാത്രം അവനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ. ” സരൻഡീപ് സിങ് പറഞ്ഞു.

( Picture Source : Twitter )

” ഹാർദിക് പാണ്ഡ്യ ബൗൽ ചെയ്തില്ലയെങ്കിൽ അത് ടീമിന്റെ ബാലൻസിനെ കാര്യമായി ബാധിക്കും. അവന് പന്തെറിയാൻ സാധിച്ചില്ലയെങ്കിൽ അധികമായി ഒരു ബൗളറെ ടീമിൽ ഉൾപ്പെടുത്തേണ്ടി വരും. സൂര്യകുമാർ യാദവിനെ പോലെയുള്ള താരങ്ങൾക്ക് അവസരം ലഭിക്കുകയുമില്ല. 5 ബൗളർമാരുമായി കളിക്കുന്നതിന്റെ അപകടം ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനെതിരെയും നമ്മൾ കണ്ടതാണ്. വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ തുടങ്ങിയ ഓൾ റൗണ്ടർമാർ നമുക്കിപ്പോളുണ്ട്. ഷാർദുൽ താക്കൂറിനെയും ഓൾ റൗണ്ടറായി പരിഗണിക്കാവുന്നതാണ്. ഹാർദിക് പാണ്ഡ്യയുടെ ജോലി ചെയ്യാൻ ഇവർക്കെല്ലാം സാധിക്കും. ” സരൻഡീപ് സിങ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കപെട്ടെങ്കിലും ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോൾ സിരീസിൽ ടീമിന്റെ നിർണായക താരമായിരിക്കും ഹാർദിക് പാണ്ഡ്യ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ആരും തന്നെ ശ്രീലങ്കൻ പര്യടനത്തിൽ ഉണ്ടാകില്ലയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ വ്യക്തമാക്കിയിരുന്നു. ശിഖാർ ധവാനോ ഹാർദിക് പാണ്ഡ്യയോ ആയിരിക്കും ഇന്ത്യയെ നയിക്കുക. രാഹുൽ ദ്രാവിഡ് പര്യടനത്തിൽ പരിശീലകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

( Picture Source : Twitter )