Skip to content

പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത്‌ ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർക്കും പങ്കുണ്ടെന്ന് സൂചന നൽകി പന്ത്‌ ചുരണ്ടലിൽ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാൻക്രോഫ്റ്റ് നൽകിയത്.

( Picture Source: Twitter )

ബാക്രോഫ്റ്റിനൊപ്പം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കുറ്റസമ്മതം നടത്തിയിരുന്നു. ബാൻക്രോഫ്റ്റിനെ 9 മാസത്തേക്ക് വിലക്കിയപ്പോൾ ഒരു വർഷത്തേക്കാണ് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. വിലക്കിന് ശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പിലും ബാൻക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ മോശം ഫോമിനെ തുടർന്ന് ബാൻക്രോഫ്റ്റ് ടീമിൽ നിന്നും പുറത്താക്കപെട്ടു.

( Picture Source: Twitter )

” നോക്കൂ എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെയും പ്രവൃത്തികളുടെയും പൂർണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തീർച്ചയായും ഞാൻ ചെയ്തത് ബൗളർമാർക്ക് ഗുണകരമായ കാര്യമാണ്, അതിൽ അവർക്ക് അറിവുണ്ടായിരുന്നോ എന്നത് നിങ്ങൾ സ്വയം വ്യാഖ്യാനിക്കണം. മികച്ച അവബോധം എനിക്കുണ്ടായിന്നെങ്കിൽ ശരിയായ തീരുമാനമെടുക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ” ബാൻക്രോഫ്റ്റ് പറഞ്ഞു.

( Picture Source: Twitter )

2019 ആഷസിലാണ് ബാൻക്രോഫ്റ്റ് ഓസ്‌ട്രേലിയക്ക് വേണ്ടി അവസാനമായി കളിച്ചത്. പന്ത്‌ ചുരണ്ടൽ വിവാദം തന്റെ കരിയറിന് കനത്ത തിരിച്ചടിയായെന്നും ബാൻക്രോഫ്റ്റ് കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയക്ക് വേണ്ടി 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബാൻക്രോഫ്റ്റ് 26.3 ശരാശരിയിൽ മൂന്ന് ഫിഫ്റ്റിയടക്കം 446 റൺസ് നേടിയിട്ടുണ്ട്.

( Picture Source: Twitter )