Skip to content

ഇന്ത്യ ശ്രദ്ധ തിരിക്കാൻ മിടുക്കർ, ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ടിം പെയ്ൻ

ഓസ്‌ട്രേലിയൻ ടീമിന്റെ ശ്രദ്ധ തിരിച്ചാണ് ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നേടിയതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. പരമ്പരയുടെ തുടക്കത്തിൽ ഗാബയിൽ കളിക്കാൻ ഇന്ത്യൻ ടീം അതൃപ്തി പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ടിം പെയ്ൻ ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും അനാവശ്യ കാര്യങ്ങൾ ഉന്നയിച്ച് ഇന്ത്യ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമെന്നും പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു.

( Picture Source : Twitter )

ആദ്യ മത്സരത്തിൽ 36 റൺസിന് ഓൾ ഔട്ടായ ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചെത്തി പരമ്പര 2-1 ന് സ്വാന്തമാക്കിയത്. 33 വർഷത്തെ ഗാബയിലെ ഓസ്ട്രേലിയയുടെ വിജയതുടർച്ച അവസാനിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

( Picture Source : Twitter )

” ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴുള്ള വെല്ലുവിളിയെന്തെന്നാൽ പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് നിങ്ങളുടെ ശ്രദ്ധ തിരിക്കാനും വിഷമിപ്പിക്കാനും ശ്രമിക്കും, അതിലവർ മിടുക്കരാണ്. പരമ്പരയിൽ ചില സമയങ്ങളിൽ അവരുടെ കെണിയിൽ ഞങ്ങൾ വീണുപോവുകയും ചെയ്തു. ഗാബയിലേക്ക് തിരിക്കാൻ അവർ വിസമ്മതിച്ചതാണ് അതിനുള്ള ഉത്തമ ഉദാഹരണം, അവർ അങ്ങനെ പറഞ്ഞതിനാൽ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്കും അറിയതായി. ഇത്തരം സൈഡ്ഷോ സൃഷ്ടിക്കാൻ അവർ വളരെ മിടുക്കരാണ്. കളിയിൽ നിന്നും ഞങ്ങളുടെ ശ്രദ്ധ മാറുകയും ചെയ്തു. ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

വരുന്ന ആഷസ് പരമ്പര വരെ ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി തുടരുമെന്ന് സൂചനനൽകിയ ടിം പെയ്ൻ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുന്നതിൽ പിന്തുണയ്ക്കുകയും ചെയ്തു. സ്മിത്ത് തന്ത്രപരമായി മികച്ച ക്യാപ്റ്റനാണെന്നും ഒരു അവസരം സ്മിത്ത് തീർച്ചയായും അർഹിക്കുന്നുണ്ടെന്നും ടിം പെയ്ൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഓസ്‌ട്രേലിയയെ 23 മത്സരങ്ങളിൽ നയിച്ച ടിം പെയ്ൻ 11 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ആഷസ് പരമ്പര നിലനിർത്താൻ ടിം പെയ്ന് സാധിച്ചെങ്കിലും തുടർച്ചയായി ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ടിം പെയ്ന്റെ കീഴിൽ ഓസ്‌ട്രേലിയ ഇന്ത്യയോട് പരാജയപെട്ടിരുന്നു.

( Picture Source : Twitter )